ആദ്യ ആലോചനയോഗം നടന്ന ഭവനo (കൊണ്ടാഴി കളത്തിൽ)
(കൺവെൻഷൻ ) SI No |
വർഷം | പേര് | സ്ഥലം | ജില്ലാ |
---|---|---|---|---|
ആലോചന യോഗം |
14-01-1989 | പൈലി ഇത്താക് | കൊണ്ടാഴി (കളത്തിൽ) | തൃശ്ശൂർ |
1 | 1989 | എബ്രഹാം ഫിലിപ്പ് | പുതുവേലി | കോട്ടയം |
2 | 1990 | പൈലി ഇത്താക് | കൊണ്ടാഴി (കളത്തിൽ) | തൃശ്ശൂർ |
3 | 1991 | കുര്യാച്ചൻ | വട്ടായി | തൃശ്ശൂർ |
4 | 1992 | ഇ.എം.പൈലി | കൊണ്ടാഴി | തൃശ്ശൂർ |
5 | 1993 | ടി വി എബ്രഹാം ( മറിയക്കുട്ടി) | പുതുവേലി | കോട്ടയം |
6 | 1994 | കെ പി സ്കറിയ | മുളപ്പുറം കോക്കാട്ട് | ഇടുക്കി |
7 | 1995 | ഇ ഐ പൈലി | ചീരക്കുഴി | തൃശ്ശൂർ |
8 | 1996 | പൈലി വറുഗീസ് | എളനാട് | തൃശ്ശൂർ |
9 | 1997 | പി ടി ഐസക് | കൊണ്ടാഴി | തൃശ്ശൂർ |
10 | 1998 | ഇ എ പോൾ | വട്ടായി | തൃശ്ശൂർ |
11 | 1999 | എം എ ജോൺ | കുറ്റിലക്കാട്ടു | കോട്ടയം |
12 | 2000 | ജോസഫ് (ജോസ്) | പഴമ്പാലക്കോട്ട് | പാലക്കാട് |
13 | 2001 | ഇ പി പൗലോസ് | പെരിങ്ങോട്ടുകുറിശ്ശി | പാലക്കാട് |
14 | 2002 | ഓനച്ചൻ | മുളപ്പുറം | ഇടുക്കി |
15 | 2003 | അന്നമ്മ | എളനാട് | തൃശ്ശൂർ |
16 | 2004 | മത്തച്ചൻ | ചീരക്കുഴി | തൃശ്ശൂർ |
17 | 2005 | റോയ് എബ്രഹാം | വട്ടായി | തൃശ്ശൂർ |
18 | 2006 | ഇ എം കുര്യാക്കോസ് | കൊണ്ടാഴി | തൃശ്ശൂർ |
19 | 2007 | ഇ പി തോമസ് | പെരിങ്ങോട്ടുകുറിശ്ശി | പാലക്കാട് |
20 | 2008 | ഇ പി മത്തായി | കൊണ്ടാഴി | തൃശ്ശൂർ |
21 | 2009 | ഐസക് എബ്രഹാം | പുതുവേലി | കോട്ടയം |
22 | 2010 | റോബിൻസ് | കൊണ്ടാഴി | തൃശ്ശൂർ |
23 | 2011 | ഈ ഐ മത്തായി | കൊണ്ടാഴി | തൃശ്ശൂർ |
24 | 2012 | ഇ ഐ ജോയ് | ചീരക്കുഴി | തൃശ്ശൂർ |
25 | 2013 | ജെയിംസ് പോൾ | ആനിക്കൂട്ടത്തിൽ | തൃശ്ശൂർ |
26 | 2014 | ഇ ഐ പൈലി | ചീരക്കുഴി | തൃശ്ശൂർ |
27 | 2015 | ഇ ഐ ജോർജ് | ചേലക്കോട് | തൃശ്ശൂർ |
28 | 2016 | കെ പി ഐസക് | മുളപ്പുറം | ഇടുക്കി |
29 | 2017 | ജോൺ വറുഗീസ് & പോൾ വറുഗീസ് | കട്ടപ്പന | ഇടുക്കി |
30 | 2018 | എ പി ജോസഫ് | പുതുവേലി | കോട്ടയം |
മാനവ ജാതിക്കു രക്ഷാകര സന്ദേശം സംലഭ്യമായതിന്റെ രണ്ടു സഹസ്രാബ്ദങ്ങൾ പിന്നിട്ടു. ഭാരതത്തിന്റെ കാവൽ പിതാവായ ക്രിസ്തു ശിഷ്യനിൽ നിന്നും ലഭിച്ച സത്യ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുവാനും അത് അനന്തര തലമുറകൾക്കു മങ്ങലേൽക്കാതെ കൈമാറുവാനും കഴിഞ്ഞ നമ്മുടെ വന്ദ്യ മാതാ പിതാക്കന്മാരെ നന്ദിപൂർവം സ്മരിക്കുവാനും അവരുടെ ആത്മാവിന് നിത്യശാന്തി നേരുവാനും നമുക്ക് കടപ്പാടും പ്രതിബദ്ധതതയും ഉണ്ട്. നാളിതുവരെ ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് നമുക്ക് ഒത്തൊരുമിച്ചു നന്ദി പറയുകയും സ്തുതിക്കുകയും ചെയ്യാം
മുൻ തലമുറകളെ പറ്റി കൂടുതൽ അറിയുവാനും അഭിമാനിക്കുവാനും അവരുടെ ഉൾക്കാഴ്ചകൾ മനസ്സിലാക്കി ജീവിതം ധന്യമാക്കുവാനും ഈ ഗ്രന്ഥം ഉത്തേജനം നൽകേട്ടെയെന്നു പ്രാർത്ഥന പൂർവം ആശംസിക്കുന്നു.
ഇ. എം. തോമസ് - കൊണ്ടാഴി, തൃശൂർ .
പ്രസിഡണ്ട്
കുടുംബയോഗ കമ്മിറ്റി്
നമിക്കിപ്പോൾ മഹാത്മാക്കളെയും നമ്മുടെ പൂർവ പിതാക്കന്മാരെയും തലമുറ ക്രമത്തിൽ പ്രകീർത്തിക്കാം. കർത്താവ് ആദിമുതൽ തന്നെ തൻറെ പ്രതാപവും മഹത്വവും അവർക്കു ഓഹരിയായി നൽകി. ചിലർ വിഭവ സമൃദ്ധിയുള്ളവരും സ്വവസതികളിൽ സമാധാനപൂർവം വസിച്ചിരുന്നവരുമാണ്. ജനങ്ങൾ പ്രകീർത്തിച്ച പ്രസിദ്ധരാണ് ചിലർ. അവരുടെ ഐശ്വര്യം അവരുടെ പിൻഗാമികളിലും അവരുടെ അവകാശം മക്കളുടെ മക്കളിലും നിലനിൽക്കും. അവർ സമാധാനത്തിൽ സംസ്കരിക്കപ്പെടും. അവരുടെ പേരുകൾ തലമുറതോറും നിലനിൽക്കും അവരുടെ വിജ്‍ഞാനം ജനതകൾ ഘോഷിക്കും സമൂഹം അവരെ പ്രകീർത്തിക്കുകയും ചെയ്യും. സ്മരണ അവശേഷിക്കാതെ മാഞ്ഞുപോയവർ ഉണ്ട്. അവരുടെ മക്കളും അങ്ങനെ തന്നെ.
മനുഷ്യൻ ജന്മനാൽ തന്നെ ജ്ഞാനതൃഷ്ണ യുള്ളവനാണ്, അന്വേഷണ ബുദ്ധിയുള്ളവനാണ്. ഇന്നലെകളെ പറ്റി അന്വേഷിക്കും, ആലോചിക്കും. ഭാവിക്കു രൂപം നൽകുന്നതിൽ ഭൂതകാലാനുഭവങ്ങൾ ഉപകരിക്കും. മനുഷ്യൻ സ്വയം ചിന്തിക്കുമ്പോൾ വിവേകിയാകും വേരുകൾ തേടും സംശയമില്ല. മൂലകുടുംബത്തെ അന്വേഷിക്കും. ഈ ചിന്ത ഏവരിലും ഉണ്ട്. തൽഫലമായി വേരുകൾ തേടിയവർക്കു ഒരു ആഗ്രഹം ഉണ്ടായി സ്വയം അറിയുക. പരസ്പരം അറിയുക, അറിഞ്ഞവയെകുറിച്ചു കൂടുതൽ അറിയുക, പിന്തലമുറയെ കുറിച്ച് മനസിലാക്കുക. തനതായും കൂട്ടായും ചിന്തിച്ചു, ജനനം, വിവാഹം, മരണം , ശ്രാദ്ധം, പെരുന്നാൾ ആദിയായവ വേദിയായി ആഗ്രഹങ്ങൾ പങ്കുവച്ചു. പങ്കുവച്ചപ്പോൾ ഏവർക്കും താല്പര്യം. തനതായും കൂട്ടായും ശ്രമിച്ചു ഇത്രയും ആയി. തികച്ചും കൗതുകത്തിനല്ല, അസ്തിത്വത്തിനും അല്ല, പിന്നെയോ, അവാച്യമായ ഉൽപ്രേരണയാൽ; എന്നാൽ ആവേശത്തൽ അല്ല, ആവശ്യത്താലും നിർബന്ധത്താലും അല്ല, സ്വമനസാലെയും സ്വന്ത താല്പര്യത്താലും ; ഫലം ചിത്ര രചനയും കൂട്ടായ്മയും ആയിരുന്നു.
കാലങ്ങളായി പൂർവികർ പല ഭാഗത്തു താമസിക്കുവാൻ സംഗതിയായി. മക്കളും മക്കളുടെ മക്കളും പേരക്കിടാങ്ങളും ആയി പരസ്പരം അറിയാതെ വന്നു. ഒന്നിച്ചു കൂടുവാൻ മോഹം ഉണ്ടായി. വിവിധ ഭാഗങ്ങളിൽ താമസിക്കുമ്പോൾ, പരസ്പരം അറിയുന്നതിന് ഒരു അവസരം ഉണ്ടാകണമെന്ന് അതിയായി അനേകർ ആഗ്രഹിച്ചു. വാസ്തവത്തിൽ ഇതിൻറെ പ്രേരക ശക്തി അതാരുന്നു. രണ്ടാമതായി നാഗരികതയുടെയും യന്ത്രികതയുടെയും ഫലമായുള്ള ആഹ്ലാദവും സന്തോഷവും ഇല്ലാത്ത ഒരു ജീവിത ശൈലി മനുഷ്യൻ മടുത്തു. അതിൽനിന്നു വിട്ടു സ്നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും ആയുള്ള ഒരു ഒത്തുചേരൽ ആഗ്രഹിച്ചു. ക്ലബുകളിൽനിന്നും സിനിമ ശാലകളിൽ നിന്നും ലഭിക്കാത്ത എത്ര നന്മകളാണ് കുടുംബത്തിൽ നിന്നും ലഭിക്കുക.
കുടുംബം വളർന്നു പലതരത്തിലും രീതിയിലും ഉള്ള ജീവിത ക്രമം സഹോദരങ്ങളയെയും സഹോദരികളെയും അകറ്റി. അകന്നു താമസിക്കുമ്പോൾ അടുക്കുവാനുള്ള ആഗ്രഹം കൂടുമല്ലോ. അംഗങ്ങളുടെ വർദ്ധന വേറൊരു കാരണമാണ്. ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും കുടുംബ സംഗമം ഒരു അനിവാര്യ സംഗതി ആയി തീർന്നു കുറ്റിലക്കാട്ട്- ഇടിഞ്ഞുകുഴിയിൽ കുടുംബ സംഗമത്തിന് ഒത്തിരി പ്രത്യേകതകളും ഉണ്ട്. അതുകൊണ്ട് ഇത് മറ്റു കുടുംബ സംഗമങ്ങളിൽനിന്നും വ്യത്യസ്തമായി നിൽക്കുന്ന്നു മുന്നമേ തന്നെ എല്ലാവരും അംഗീകരിച്ച ഒരു ദിവസം കണ്ടുപിടിച്ചു. അത് എല്ലാ വർഷവും ഡിസംബർ 26 തന്നെ. .
ഡിസംബർ 26- കുടുംബത്തിൽ നിന്നും കാലാകാലങ്ങളിൽ വിടവാങ്ങിയ മാതാപിതാക്കന്മാരുടെ ഓർമ്മദിനമാണ്. കുടുംബ സംഗമം നടക്കുന്ന സ്ഥലത്തെ ദേവാലയത്തിൽ അനുസ്മരണ ബലിയെതുടർന്നാണ് എല്ലാം ആരംഭിക്കുന്നത്. കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു ഭർതൃ ഗൃഹത്തിൽ പോയവരും ഈ കുടുംബത്തിലേക്ക് വിവാഹിതരായി വന്നവരും അംഗങ്ങൾ ആണ്. ഡിസംബർ 26 അങ്ങനെ അവരുടെയും സംഗമ ദിനം ആണ്. എല്ലാ വർഷവും ഈ ദിനം അനുമോദനത്തിന്റെ ദിനമാണ്. ഉന്നത നിലകളിൽ കലാലയ പരീക്ഷാ വിജയം വരിച്ചവർക്കുള്ള അനുമോദനവും സ്കോളർഷിപ് , സമ്മാനം മുതലായവയുടെ വിതരണവും, നവ വധുവരന്മാരെ അനുമോദിക്കലും പതിവാണ്. ഓരോ വർഷവും കുടുംബ സംഗമത്തിന് ശേഷം ആരെങ്കിലും നിര്യാതരായാൽ അനുശോചനവും നടത്തും. ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യും. ഇന്നേ ദിവസം പലതരം മത്സരങ്ങളും നടക്കും . പ്രായം മറന്നു ആടുകയും പാടുകയും ചെയ്യും.കലാകായിക മത്സരങ്ങൾ ഒരു ഹരമാണ്, അനുഭൂതിയാണ്. വിജയികൾക്ക് വിതരണം ചെയ്യുകയും ചെയ്യും. പൊതു സമ്മേളനം കഴിഞ്ഞേ സംഗമം അവസാനിക്കുന്നുള്ളു. പൊതു സമ്മേളനത്തിൽ നയങ്ങൾ ചർച്ച ചെയ്യും, തീരുമാനങ്ങൾ സ്വീകരിക്കും. എന്നാൽ ഭരണ സമിതിയെ അംഗീകരിക്കുകയും മാറ്റുകയും ചെയ്യുന്നതും ഓഡിറ്റ് ചെയ്ത കണക്കുകൾ പാസ്സാക്കുന്നതും അർദ്ധവാർഷിക പൊതുയോഗമാണ്. തികച്ചും ജനാധിപത്യ മര്യാദകൾ അനുസരിച്ചു ഭരണ ഘടനാ വിധേയമായി കുടുംബാംഗങ്ങളുടെ ഒത്തുചേരൽ. വിവാഹം ചെയ്തു പോയവരും വിവാഹിതരായി വന്നവരും ഉൾപ്പെടുന്ന സംഗമം. ഇത് തന്നെ ഈ സംഗമത്തെ മറ്റു പലത്തിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ചരിത്രമെന്നാൽ മാനവ രാശിയുടെ കലാകാലങ്ങളിലുള്ള സാംസ്കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വളർച്ചയുടെ കഥകൾ ആണല്ലോ. വേറൊരർത്ഥത്തിൽ വിദ്യാഭ്യാസപരമായും കലാപരമായും സംഘടനാപരമായും ഉള്ള വളർച്ചയും അതിന്റെ നിഴലിൽ ചിന്താ ശക്തിയിലും പ്രവർത്തനത്തിലും ജീവിത രീതിയിലും വന്നതും വരുത്തുന്നതുമായ മാറ്റങ്ങളുടെ ആകെ തുകയാണല്ലോ ചരിത്രം. മനുഷ്യൻ നാടുചുറ്റി കായ്കനികൾ ഭക്ഷിച്ചു അപരിഷ്കൃതമായിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്നത്തെ രീതിയിലെത്തിയ പടവുകൾക്കു ചെറുതല്ലാത്ത പ്രാധാന്യം ഉണ്ടല്ലോ. അങ്ങനെയിരിക്കെ കുടുംബയോഗങ്ങളുടെ അഥവാ കുടുംബ കൂട്ടായ്മകളുടെ പ്രാധാന്യവും പ്രേയോജനവും എന്തെന്ന് മനസിലാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു തലമുറയാണല്ലോ നമ്മുടേത്..
നമ്മുടെ പിതാക്കന്മാർ ഏതു പ്രശ്നത്തിനും പരിഹാരം അന്വേഷിച്ചിരുന്നത് കർത്താവിന്റെ തിരുവചനങ്ങൾ ഉൾക്കൊണ്ടിരുന്ന വിശുദ്ധ ഗ്രന്ഥത്തിൽ നിന്നായിരുന്നല്ലോ. യേശു ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള വിശുദ്ധ ലൂക്കോസിന്റെ സുവിശേഷത്തിൽനിന്നും മനസിലാക്കുന്നത് , നമ്മുടെ കർത്താവിന്റെ ജനനം തന്നെ, ദാവീദ് രാജാവിന്റെ ഗോത്രത്തിൽപെട്ടവരുടെ കാനേഷുമാരി (കുടുംബസംഗമം) ദാവീദിന്റെ പട്ടണമായ ബെത്ലഹേമിൽ വച്ച് നടക്കുമ്പോൾ ആയിരുന്നു എന്നാണ് . കുടുംബത്തിലുള്ളവരുടെ മുഴുവൻ പേര് എഴുതുകയെന്നത് വാസ്തവത്തിൽ കുടുംബസംഗമം തന്നെയാരുന്നു ( ലൂക്കോസ് 1:1-5) വി. മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് തന്നെ ഈശോ മിശിഹായുടെ വംശാവലി വിവരിച്ചു കൊണ്ടാണ് (വി. മത്തായി 1:1)ഇതിൽനിന്നും കുടുംബയോഗങ്ങൾ കൂടുകയാണെന്നതും കുടുംബ ചരിത്രം എഴുത്തുകയാണെന്നതും തികച്ചും വി. ഗ്രന്ഥാതിഷ്ഠിതം ആണെന്ന് നിസ്സംശയം വ്യക്തമാകുന്നു
കുടുംബ ചരിത്രം എഴുതുമ്പോഴും കുടുംബ യോഗങ്ങൾ കൂടുമ്പോഴുമൊക്കെ നാം എന്താണ് ലക്‌ഷ്യം വയ്‌ക്കേണ്ടതെന്നതിനെ കുറിച്ചും വി. ഗ്രന്ഥം തന്നെ നമുക്ക് മാർഗ്ഗനിർദ്ദേശം തരുന്നുണ്ട്. ആവർത്തന പുസ്തകം 32:7 -ൽ വായിക്കുന്നു. " കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കുവിൻ തലമുറകളിലൂടെ കടന്നു പോയ വർഷങ്ങൾ അനുസ്മരിക്കുവിൻ. പിതാക്കന്മാരോടു ചോദിക്കുവിൻ. അവർ നിങ്ങൾക്ക് പറഞ്ഞു തരും. പ്രായം ചെന്നവരോടു ചോദിക്കുവിൻ, അവർ നിങ്ങൾക്ക് വിവരിച്ചു തരും; ദൈവം നമുക്ക് വേണ്ടി എന്തെല്ലാം ചെയ്തു തന്നിട്ടുണ്ട് എന്ന്” . കരണവന്മാരിൽനിന്ന് നമ്മുടെ സവിശേഷതകളും പൈതൃകങ്ങളും മനസിലാക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ പ്രധാന ലക്‌ഷ്യം. അതായത്, ദൈവത്തിൻറെ പ്രവർത്തനങ്ങൾ കാണുകയും സ്വജീവിതത്തിൽ അനുഭവിച്ചറിയുകയും, ദൈവ ഭയത്തിൽ ചിട്ടയായി ജീവിക്കുകയും ചെയ്ത പൂർവികർ അവരുടെ അനുഭവങ്ങൾ തങ്ങളുടെ ഇളം തലമുറകളുമായി പങ്കുവെക്കുകയും അവയെ മാർത്തോമാ ശ്ലീഹ കാണിച്ചുതന്ന വിശ്വാസത്തിൽ വളരുവാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ചരിത്രത്തിന്റെ ഏടുകൾ മറിക്കുമ്പോൾ ഇഷ്ടമായതും അനിഷ്ടമായതും കണ്ടു എന്നിരിക്കാം. പ്രവർത്തിക്കുന്ന സമൂഹത്തിനേ തെറ്റുകൾ ഉണ്ടാകൂ. അനുഭവങ്ങൾ ഉണ്ടാകൂ. കൊള്ളേണ്ടവയെ കൊള്ളും, തള്ളേണ്ടവയെ തള്ളിയും, പൂർവ കാലഅനുഭവങ്ങളിൽ നിന്നും, പ്രവർത്തനങ്ങളിൽ നിന്നും കരുത്തും ആവേശവും ഉൾക്കൊണ്ട് നന്മയിൽ നിന്ന് നന്മയിലേക്ക്, ശ്രേയസിൽനിന്നു മേന്മയുള്ള ശ്രേയസ്സിലേക്ക്, പടിപടിയായി വരുന്ന തലമുറയുടെ വളർച്ചക്ക് ഉപകരിക്കണമെന്നതാണ് ചരിത്ര പഠനത്തനിന്റെ അന്തഃസത്ത. കുടുംബ സംഗമത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആവശ്യകതയെ കുറിച്ചും അറിഞ്ഞിരിക്കണമല്ലോ. പൂർവ്വ പിതാക്കന്മാരെ അനുസ്മരിക്കുന്നതിനും, ആദരിക്കുന്നതിനും, കാലികമായിട്ടുള്ള വളർച്ചയും തളർച്ചയും വിലയിരുത്തുന്നതിനും നാളെയെക്കുറിച്ചു കൂലങ്കഷമായി ചിന്തിച്ചു വിചിന്തനം ചെയ്ത് സത്വര തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും പരസ്പര സ്നേഹവും വിശ്വാസവും അടുപ്പവും വളർത്തുന്നതിനും നല്ല നാളെയുടെ രൂപീകരണത്തിൽ പ്രാപ്തരാകുന്നതിന് സ്വയം സജ്ജമാക്കപ്പെടുന്നതിനും ആണ് കുടുംബയോഗം ഉപകരിക്കുന്നത്. .
പെസഹാ പെരുന്നാൾ എങ്ങനെയാണ് ആചരിക്കേണ്ടതെന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നുണ്ട് . " ഇതാ നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്പനയായി ഇത് ആചരിക്കണം. ഇതിന്റെ അർത്ഥമെന്താണെന്ന് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ പറയണം ഇത് കർത്താവിനർപ്പിക്കുന്ന പെസഹാ ബലിയാണെന്ന്. " (പുറപ്പാട് 12-24-27). ഓരോ വർഷത്തെയും പെസഹാ ആചരണം ഇസ്രായേൽക്കാരെ സംബന്ധിച്ചിടത്തോളം ദൈവവിശ്വാസത്തിൽ ഉറപ്പിക്കപ്പെടുവാനുള്ള ഒരവസരമായിരുന്നു. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം. നമ്മുടെ കുടുംബസമ്മേളനവും ഇതുപോലെ സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുന്നതിനും പൂർവികരെ ആദരിക്കുന്നതിനും അവരിൽ സ്നേഹവും, ആദരവും,വിശ്വാസവും വളർത്തുന്നതിനും പരസ്പരം ബഹുമാനിക്കുന്നതിനും അറിയുന്നതിനും ഉപകരിക്കണം. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുതന്നെ സ്നേഹത്തിലും വിശ്വാസത്തിലും പരസ്പര ആദരവിലും ആണല്ലോ അധിഷ്ഠിതമായിട്ടുള്ളത്.
ലോകരക്ഷകനായ ശ്രീ. യേശുവിന്റെ രക്ഷാകര സന്ദേശം ഭാരതത്തിൽ എത്തിക്കുന്നതിന് അവിടത്തെ ശ്രേഷ്ഠശിഷ്യനായ മാർത്തോമാശ്ലീഹ കേരളത്തിൽ എ.ഡി. 52-ൽ കപ്പലിറങ്ങിയത് ചരിത്രവസ്തുതയാണല്ലോ. ചേരരാജ്യത്തിന്റെ തലസ്ഥാനവും വാണിജ്യകേന്ദ്രവും "മുസരീസ്സു" എന്നപേരിൽ അന്ന് അറിയപ്പെട്ടിരുന്നതുമായ ഇന്നത്തെ കൊടുങ്ങല്ലൂരിലാണ് അദ്ദേഹം ആദ്യം എത്തിയത്. തുടർന്ന് പാലയൂർ, കൊട്ടക്കാവ്, കോക്കമംഗലം, നിരണം, നിലക്കൽ, കൊല്ലം എന്നീ ഗ്രാമങ്ങളിലും അദ്ദേഹം സുവിശേഷം അറിയിക്കുകയും അനേകരെ മനസാന്തരപ്പെടുത്തി ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തു. ഇതിൽ പാലയൂർ ഇന്ന് ചാവക്കാട് താലൂക്കാണ്. ഈ സ്ഥലം പുരാതന കാലം മുതൽ യൂദന്മാരുടെ സങ്കേതവും പ്രശസ്തവുമായിരുന്നു. ശ്ലീഹ പാലയൂരെത്തുമ്പോൾ അവിടെ അനേകം ബ്രാഹ്മണ കുടുംബങ്ങൾകൊണ്ട് നിബിഡമായിരുന്നു. പ്രശസ്തമായ "തളിയിൽ " ശിവക്ഷേത്രത്തിന്റെ പരിസരത്ത് എത്തിയ ശ്ലീഹ അവിടെ ബ്രാഹ്മണർ തർപ്പണകർമം നടത്തുന്നത് കണ്ടു. ആകാശത്തേക്ക് എറിയുന്ന വെള്ളം അവിടെത്തന്നെ വെള്ളം കോരിയെടുത്ത ഭാഗത്ത് കുഴി കാണിച്ചുതരികയും ചെയ്യാമോ എന്ന് അവരോടു ചോദിച്ചു. എന്നാൽ അവർക്കതു സാധിക്കാത്തത്കൊണ്ട് ശ്ലീഹ ആ അത്ഭുതം കാണിച്ചുകൊടുത്തതോടെ അനേകർ ശ്ലീഹായിൽ വിശ്വസിച്ചു സ്നാനമേറ്റു ക്രിസ്തുമതം സ്വീകരിച്ചു. ശങ്കരപുരി, കള്ളി, കാളികാവ്, പകലോമറ്റം, കോയിക്കര,മാടപ്പൂര്, വൈമ്പള്ളി,കോട്ടക്കര, കോലിക്ക,പനയ്ക്കാമറ്റം, കൊട്ടകളി,നെടുമ്പള്ളി തുടങ്ങിയ ൩൨ ഇല്ലക്കാർ അവരിലുൾപ്പെടുന്നു. അതോടെ ശിവക്ഷേത്രം ഒരു ക്രയ്സ്തവദേവാലയമായി മാറ്റപ്പെട്ടു. മറ്റ് ഇല്ലക്കാർ ആ സ്ഥലത്തെ ശപിച്ചുകൊണ്ട് അവിടം ഉപേക്ഷിച്ചു പോകുകയും ചെയ്തു. അതിനാലാണ് ഈ പ്രദേശം പിൽക്കാലത്ത് ശാപക്കാട് അഥവാ ചാവക്കാട് എന്നറിയപ്പെടാൻ ഇടയായത്.
കാളികാവ് ഇല്ലക്കാർ 2-)൦ നൂറ്റാണ്ടിന്റെ അവസാനത്തിലോ 3-൦ നൂറ്റാണ്ടിന്റെ ആരംഭത്തിലോ പാലയൂർ പ്രദേശം വിട്ടു തെക്കോട്ടു യാത്ര തിരിച്ചു ഇവർ പറവൂർ, പള്ളിപ്പുറം തുടങ്ങി അക്കാലത്തു നസ്രാണികൾ പാർത്തിരുന്ന പല സ്ഥലങ്ങളും സന്ദർശിച്ചു ഏറ്റുമാനൂർ എത്തിയെന്നും ക്ഷേത്രധികാരികൾ അവരെ കാളീക്ഷേത്രത്തിനു സമീപം താമസിപ്പിച്ചെന്നുമാണ് ഐതീഹ്യം. കാളീക്ഷേത്രത്തിൽനിന്നും അവർക്കു യാതൊരു ഉപദ്രവവും ഉണ്ടായില്ലെന്ന് മനസിലാക്കിയ ക്ഷേത്രധികാരികൾ അവർക്കു പാലയൂരുണ്ടായിരുന്ന ഗോത്ര നാമങ്ങളിൽ തന്നെ വസ്തുക്കൾ സമ്പാദിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുത്തു.
അംഗസംഖ്യ അധികമായപ്പോൾ അവർ ക്ഷേത്രപ്രദേശമായിരുന്ന കുറവിലങ്ങാട്ടേക്കു മാറിത്താമസിച്ചു. ക്രിസ്ത്വാബ്‌ദം 52-ൽ കേരളത്തിൽ വന്ന് ക്രിസ്തുമത പ്രസംഗം നടത്തിയ മാർ തോമ്മാശ്ലീഹായുടെ കരങ്ങളിൽ നിന്നും ഞ്ജാനസ്നാന ദീപ്തിയും പൗരോഹിത്യവും സിദ്ധിച്ചവരായി ശങ്കരപുരി, പകലോമറ്റം, കള്ളി, കാളികാവ്, എന്നിങ്ങനെ നാലു ശ്രേഷ്ഠ കുടുംബങ്ങൾ ഉണ്ടായിരുന്നതായി മലങ്കര ഒട്ടുക്ക്ഒരു ഐതീഹ്യം ഉണ്ടല്ലോ. ഈ കുടുംബങ്ങളെപ്പറ്റി ചില വിവരങ്ങൾ അറിയുന്നതിന് വായനക്കാർക്ക് കൗതുകമുണ്ടായിരിക്കുമെന്നു കരുതുന്നു. മേൽപ്പറഞ്ഞ നാലു കുടുംബങ്ങളും മാർത്തോമ്മാശ്ലീഹായുടെ ആഗമനകാലത്ത് തൃശ്ശിവപേരൂരിനു വടക്കുള്ള പാലയൂർ എന്ന സ്ഥലത്ത് വസിച്ചിരുന്ന ആഢ്യബ്രാഹ്മണരായിരുന്നതായും, അദ്ദേഹം ആ സ്ഥലത്തുവച്ച് പ്രവർത്തിച്ച അത്ഭുതകാര്യങ്ങൾ കണ്ട്ക്രിസ്തുവിൽ വിശ്വസിച്ചിരുന്നതായും നമ്മുടെ ഇതിഹാസങ്ങളിൽ കാണുന്നു. എന്നാൽ മൂന്നാം ശതകത്തിൽ മണിക്കവാചകർ എന്ന പാണ്ടിസന്യാസിയുടെ ക്ഷുദ്രപ്രയോഗത്തെ ഭയന്ന് ഈ ഇല്ലക്കാർ തെക്കോട്ടു യാത്ര തിരിച്ചു. കൊടുങ്ങല്ലൂർ, കൊട്ടക്കാവ്, അങ്കമാലി,പറവൂർ പ്രദേശങ്ങളിൽ താമസിച്ചു. ഇവരെ "ധാരിയാക്കന്മാർ" എന്നാണ് പറഞ്ഞുവന്നത്. ക്ഷുദ്രപ്രയോഗത്തെ ഭയന്ന് പൊയ്ക്കളഞ്ഞവർ എന്നാണ് "ധാരിയായ്‌കൾ" എന്ന പദത്തിന്ന്റെ അർത്ഥമെങ്കിൽ ഈ ഐതീഹ്യത്തിനു കുറെ വിലയുണ്ടായിരിക്കാം. എ.ഡി. ഒമ്പതാം ശതകത്തിൽ വടക്കുനിന്നും തെക്കോട്ടുപോന്നതെങ്കിൽ അറബികളുടെ വരവിനു ശേഷമേ ആയിരിക്കാൻ തരമുള്ളു. കുറവിലങ്ങാട് പ്രദേശത്തു ഈ ധാരിയായ്‌കൾ വന്ന് താമസിച്ചതിനെപറ്റി സ്ഥലത്തു പലതരം ഐതീഹ്യങ്ങൾ ഉണ്ട്. അവർ കാളീക്ഷേത്രത്തിനുചുറ്റും കുടി പാർത്തത്തിലും എന്തോ അന്തസാരമുണ്ടായിരിക്കാം. ഈ വീട്ടുകാരാണ് കുറവിലങ്ങാടുള്ള വിശ്രുതമായ മർത്തമറിയം പള്ളി സ്ഥാപിച്ചത്. പള്ളി വച്ചശേഷം നാലില്ലക്കാരും പള്ളിയുടെ ഇരുവശത്തും ഓരോ ഉപഗ്രഹങ്ങൾ സ്ഥാപിക്കുകയുണ്ടായി. തറവാട് പിൽക്കാലത്തും കാളീക്ഷേത്രത്തിനു സമീപത്തുതന്നെ ഇരുന്നിരുന്നു. (നസ്രാണി ദീപിക 1919 മെയ് 23) കൊച്ചി രാജ്യത്ത് ശാപക്കാട് അടുത്ത് പാലയൂർ എന്ന സ്ഥലത്തുണ്ടായിരുന്ന കാളികാവ് ഇല്ലക്കാർ കൊച്ചീരാജ്യഭരണത്തിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നവരും പാലിയത്തെയും തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെയും ബന്ധുക്കളും ചർച്ചക്കാരും ആയിരുന്നു. അന്ന് അവിടെത്തെ ഭരണം നടത്തുന്നതിന് നിയോഗിക്കപ്പെട്ടവരും ആയിരുന്നു. പാലിയത്ത് കുടുംബവുമായിട്ടുള്ള അടുപ്പത്തിന്റെയും ഉടപ്പത്തിന്റെയും അടിസ്ഥാനത്തിൽ ക്രിസ്തുമതം സ്വീകരിച്ച നമ്മുടെ പൂർവികരായ കാളികാവ് ഇല്ലക്കാർ പറവൂർ അടുത്തുള്ള കോട്ടക്കകത്തു അഭയം തേടാൻ നിര്ബന്ധിതരായി. കാളി ഭക്തരായിരുന്ന പൂർവികർ കോട്ടക്ക് അകത്തുണ്ടായിരുന്ന ക്ഷേത്രം (കാവ്) ദൈവാലയമാക്കി മാറ്റിയെന്നും തൽഫലമായി കൊട്ടക്കാവ് ഇടവകയായി കൂടിക്കഴിഞ്ഞു. പ്രസ്തുത പള്ളി സെന്റ്.തോമസ് ഫൊറോനാ ചർച്ച ആയി ഇന്ന് അറിയപ്പെടുന്നു. കാലക്രമേണ ഈ പ്രദേശം കൊട്ടക്കാവ് എന്ന പേരിലും പിന്നീട് ലോപിച്ചു കൊട്ടക്കാവും ആയിത്തീർന്നു .
കൊട്ടക്കാവിലേക്കു താമസം മാറ്റുന്നതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു. നിരന്തരമായുണ്ടായികൊണ്ടിരുന്ന അക്രൈസ്തവരുടെ അവഹേളനവും, ബന്ധുക്കളെയും മിത്രങ്ങളെയും കിട്ടുന്നതിനുള്ള ബുദ്ധിമുട്ടും കൃഷി വ്യാപാരാദികാര്യങ്ങളിൽ അടിക്കടി ഉണ്ടായികൊണ്ടിരുന്ന ക്ലേശങ്ങളും ഇങ്ങനെ നാനാരീതിയിലുള്ള വൈതരണികൾ കടക്കാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളു. കൂടാതെ യൂദന്മാരുടെ കേന്ദ്രമായി മാറിയ സ്ഥലത്തുനിന്നും അകന്നു താമസിക്കണമെന്നുള്ള ആഗ്രഹവും പാലിയത്തുകാരുമായുള്ള സ്നേഹവും ബന്ധവും ഈ ആഗ്രഹത്തിന് കരുത്തേകിയിരിക്കാം. അന്ന് കുരുമുളക് വ്യാപാരം വളരെ പ്രാബല്യത്തിലായിരുന്നു. യൂദന്മാർ അതിൽ വളരെ തല്പരരായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കുരുമുളക് അന്ന് അറിയപ്പെടുന്നതുതന്നെ "യവന പ്രിയ " എന്ന പേരിലായിരുന്നു. ഈ നാട്ടിലെ കൃഷിക്കാർക്ക് അത് നേരിട്ട് വിൽക്കാൻ അനുവാദം ഇല്ലായിരുന്നു. കൃഷിക്കാർ കുരുമുളക് നാട്ടുപ്രമാണിയെ ഏല്പിയ്ക്കണം. നാട്ടു പ്രമാണി യഹൂദ കച്ചവടക്കാർക്ക് വിൽക്കുകയെന്നതാണ് അന്നത്തെ നിയമം. കുരുമുളക് വ്യാപാരം ശക്തിപ്പെട്ടു. കച്ചവട സാധ്യത വർദ്ധിച്ചു. ക്രമേണ കൊട്ടക്കാവിൽ നിന്ന് ചേർത്തല, ചേർപ്പുങ്കൽ ഭാഗങ്ങളിൽ താമസിച്ചു. വീട്ടുപേര് പാലക്കൽ.
കടുത്തുരുത്തി അന്ന് ഒരു അറിയപ്പെടുന്ന വ്യാപാര കേന്ദ്രമായി മാറി. ചരക്കുകൾ കൊണ്ടുപോയികൊണ്ടിരുന്നത് വഞ്ചികളിൽ ആയിരുന്നു. ജലമാർഗമുള്ള യാത്രയും കയറ്റി ഇറക്കും വളരെ പ്രചാരത്തിലായിരുന്നു. ഏറ്റവും ചെലവുകുറഞ്ഞ മാർഗവും അതുതന്നെ ആയിരുന്നു. ഇന്നത്തെ രീതിയിലുള്ള റോഡ് ഗതാഗതവും തീവണ്ടിയും ഇല്ലാത്ത കാലം. ഏതാണ്ട് നാലഞ്ച് നൂറ്റാണ്ടുകൾക്കു മുൻപ് കടുത്തുരുത്തി, കുറുപ്പന്തറ മുതലായ സ്ഥലങ്ങൾ വ്യാപാര കേന്ദ്രങ്ങൾ ആയിരുന്നു. കുറവിലങ്ങാടും പരിസര പ്രദേശങ്ങളും ക്രൈസ്തവ കേന്ദ്രവും ആയി മാറിയിരുന്നു. കടുത്തുരുത്തിയെ പരാമർശിക്കുന്ന ഉണ്ണിനീലി സന്ദേശം പ്രസിദ്ധമാണല്ലോ.കാലക്രമത്തിൽ കൊട്ടക്കാവിൽ നിന്ന് ചേർത്തലയിലെ തുടർന്ന് കടുത്തുരുത്തിയിലും അതിന്റെ സമീപപ്രദേശങ്ങളിലും എത്തപ്പെട്ടുവെന്ന് കേൾക്കുന്നു. കാളികാവ് ഇല്ലക്കാർ അന്ന് അധിവസിച്ച പ്രദേശം (കുറവിലങ്ങാടിന് സമീപം) ആ പേരിൽത്തന്നെ അറിയപ്പെടാൻ തുടങ്ങിയെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
കൃഷികാര്യാദികയിൽ തല്പരരായിരുന്ന പൂർവികർ വ്യാപാരത്തോടൊപ്പം കൃഷിയും നടത്താമെന്ന് കാണുകയും കുരുമുളക് കൃഷിക്കും വ്യാപാരത്തിനും വേണ്ടി പാലായിൽ വന്നു താമസിച്ചു എന്നും അവർ പിൽക്കാലത്തു പാലായിൽ നിന്ന് പുതുവേലിയിൽവന്നു താമസം തുടങ്ങിയെന്നുമുള്ളതാണ് അറിവ്. പാലാ അന്ന് നല്ലൊരു കാർഷിക മേഖലയായിരുന്നിരിക്കണം. മീനച്ചിലാറിന്റെ സാമീപ്യം, മണ്ണിന്റെ ഫലപുഷ്ട്ടി, കാലാവസ്ഥ എന്നിവ ക്രൈസ്തവരുടെ കൂട്ടായ പ്രവർത്തനത്തിന് ഊന്നൽ നല്കിയിരിക്കാം. മീനച്ചിൽ താലൂക്ക് കൃഷിക്ക് പ്രസിദ്ധമാണല്ലോ. മീനച്ചിൽ താലൂക്കിൽ നിന്നും വിവിധ ഭൂപ്രദേശങ്ങളിൽ എത്തിയവരൊക്കെ കേരളത്തിന്റെ കാർഷിക മേഖലക്ക് ഒരു വലിയ മുതൽക്കൂട്ട് തന്നെ. പാലായിൽ തറയിൽ കുടുംബത്തിൽ നിന്ന് പുതുവേലിയിലേക്ക് എത്തിയവർ കുറ്റിലക്കടവുകാർ എന്ന പേരിൽ അറിയപ്പെട്ടു.
കൊട്ടക്കാവിൽനിന്നു ചേർത്തല, ചേർപ്പുങ്കൽ, കടുത്തുരുത്തിയിലും അതിന്റെ പ്രാന്ത പ്രദേശങ്ങളിലും എത്രകാലം കഴിച്ചു എന്ന് നിശ്ചയിക്കാൻ ആവില്ല. വാണിജ്യ വ്യാപാരങ്ങളിലും കൃഷിയിലും ജനങ്ങൾ വ്യാപരിച്ചിരുന്ന കാലം. കടുത്തുരുത്തി കേന്ദ്രമായി വളർന്ന വ്യാപാരസംബന്ധമായി ഉൾപ്രദേശങ്ങളിൽ പോയി കച്ചവട-കൃഷി ഇത്യാദി കാര്യങ്ങളിൽ താല്പര്യം കാണിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് പാലാ-മീനച്ചിൽ ഭാഗങ്ങളിലേക്ക് മാറിയത്. കാലാന്തരത്തിൽ പാലാ-തറയിൽ കുടുംബം വളരുകയും ഒരു ശാഖാ അവിടെ നിന്ന് പുതുവേലിയിലും എത്തിയെന്നു വിശ്വസിക്കപ്പെടുന്നു. ചരിത്രത്തിനു വായ്‌മൊഴിയും വരമൊഴിയും തുല്യ പ്രാധാന്യം വഹിക്കുന്നതാകയാൽ മേല്പറഞ്ഞ കാര്യങ്ങൾ ശരിയായിരിക്കാം. എന്നാൽ അത് പൂർണമായും ശരിയും വ്യക്തവും ആണെന്ന് കരുതാൻ വയ്യ.വായ്മൊഴിയായ് ലഭിച്ചത് രേഖപ്പെടുത്തിയെന്നു മാത്രം. പാലായിൽ നിന്ന് പുതുവേലിയിൽ വരാൻ കാരണക്കാർ പന്തലുമാക്കീക്കാർ ആയിരുന്നു. കുറവിലങ്ങാടുനിന്നു വന്ന ബന്ധുക്കളായ പകലോമറ്റം കുടുംബത്തിലെ പന്തലുമാക്കീല്ക്കാരുടെ പ്രേരണയാണ് കുറ്റിലക്കാട്ടുകാർ പുതുവേലിയിലെത്തിയതെന്ന വാർത്തക്ക് വളരെ പ്രചാരം ഉണ്ട് .
പൂർണതയെന്നുള്ളത് ചരിത്രത്തെ സംബന്ധിച്ച് അനന്യമാണ്. ചരിത്രമെന്നാൽ മനുഷ്യ സമൂഹത്തിന്റെ കാലാകാലങ്ങളിൽ ഉണ്ടായ വളർച്ചയുടെ സംക്ഷിപ്തരൂപമാണ്. എന്തിനും ഏതിനും ഒരു കാരണമുണ്ട്. കാരണം ഇല്ലാതെ ഒരു കാര്യം ഉണ്ടാകുകയില്ല. കാര്യമുള്ളിടത്തു കാരണം കാണും. രണ്ടും കൂടി ചേരുമ്പോൾ ഒരു സംഭവം ഉണ്ടാകുന്നു. സംഭവങ്ങൾ കോർത്തിണക്കുമ്പോൾ ചരിത്രമാകുന്നു. എന്നാൽ ചരിത്രമെന്നും അപൂര്ണമായിരിക്കും. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പലതും വിസ്മൃതിയിലാകും. പലതും കലഹരണപ്പെട്ട് അപ്രസക്തമാകും. പ്രകൃതിയോടിണങ്ങിയും പിണങ്ങിയും ജീവിതം നയിച്ച പൂർവികർ ചരിത്രമെഴുതി ശീലമില്ലാത്തവർ ആയിരുന്നു. ശീലമില്ലാത്ത കാര്യം ചെയ്യാൻ ശ്രമിച്ചും കാണില്ല. എന്നാൽ അങ്ങിനെ ഉള്ളവരുടെ ചരിത്രം - താമസം, ജീവിത ശൈലി, ബന്ധങ്ങൾ, ഇടപാടുകൾ - തുന്നിചേർക്കുകയെന്നത് തികച്ചും ദുഷ്കരം തന്നെ. പാലയൂർ, കൊട്ടക്കാവ്, ചേർത്തല, കടുത്തുരുത്തി അവിടെ നിന്ന് പാലാ, പാലായിൽ നിന്ന് പുതുവേലി എന്നിങ്ങനെ ദേശാടനം നടത്തിയ പൂർവികരുടെ കെട്ടുപാടുകൾ , ബന്ധങ്ങൾ,ജീവിത ശൈലി എന്നീ നൂലാമാലകൾ ചിക്കിചികഞ്ഞു പരിശോധിക്കുകയെന്നത് അതീവ ക്ലേശകരമാണ്.
കുടുംബാംഗങ്ങളുടെ അജ്ഞതകൊണ്ടോ ഓർമയിലെ വിള്ളലുകൊണ്ടോ പലതും വിട്ടുപോയിരിക്കാം. വായ്മൊഴിയായി കിട്ടിയതൊക്കെയും കോർത്തിണക്കാൻ ശ്രമിച്ചപ്പോൾ ഒരു മുത്തുമാല രൂപം കൊള്ളുന്നതായി തോന്നുന്നു. അതിലെന്തെങ്കിലും വിടവുകൾ ഉണ്ടെങ്കിൽ ഒരു പോരായ്മയായി തോന്നുകയില്ലെന്നു കരുതട്ടെ. ഇതിന്റെ അണിയറ ശില്പികളെ എത്ര പ്രശംസിച്ചാലും മതിവരുന്നില്ല.
കുറ്റിലക്കടവുകാർ കുറ്റിലക്കാട്ടുകാരാകുന്നു. ഒന്നാം ശതകം മുതൽ കൊച്ചി രാജ്യത്ത് കൊടുങ്ങല്ലൂർ ഒരു തുറമുഖപട്ടണമായിരുന്നു. ഈ സ്ഥലം വാണിജ്യപരമായി ഉൽകർഷയെ പ്രാപിച്ചിരുന്നു. കൊടുങ്ങല്ലൂരിനു പടിഞ്ഞാറും പറവൂരിനു വടക്കുമായി കുറ്റിലക്കടവ് എന്ന ഒരു ചെറിയ വാണിജ്യകേന്ദ്രം ഉണ്ടായിരുന്നു. കപ്പലുകളും മറ്റും ഇല്ലാതിരുന്ന കാലത്തു പത്തേമാരികളും കേട്ടുവള്ളങ്ങളും കരയോട് അടുപ്പിച്ചിരുന്ന തുറമുഖസമാനമായ ഒരു കടവായിരുന്നു കുറ്റിലക്കടവ്. അവിടെനിന്നും വന്നവർ എന്നതിനാൽ കുറ്റിലക്കടവുകാർ എന്നും, ക്രമേണ അതുലോപിച്ചു കുറ്റിലക്കാട്ടുകാർ എന്ന വീട്ടുപേരുണ്ടാകുകയും ചെയ്തു എന്നനുമാനിക്കുന്നതു യുക്തിസഹജമായി തോന്നുന്നു.
കുറ്റിലക്കടവുകാർ ------> കുറ്റിലക്കടവ് -------> കുറ്റിലക്കാട്ടു പുതുവേലിയിൽ വന്ന പൂർവികർ ആദ്യം താമസിച്ചത് പാപ്പാനത്ത് പറമ്പിലാണ്. അവിടെ താമസം തുടങ്ങുന്നതിനു ഒരു കാരണമുണ്ട്. പുതുവേലിയിൽ അന്ന് ജന്മിയായി ജീവിച്ചിരുന്ന പുസ്തകപ്പുറത്തു ഇല്ലക്കാരുടെയും അവരുടെ സ്നേഹിതരും ബന്ധുക്കളുമായിരുന്ന പന്തലുമാക്കിൽക്കാരുടെയും താല്പര്യമനുസരിച്ചാണ് പലയിൽനിന്നു പാപ്പാനാത്തുപറമ്പിൽ താമസം തുടങ്ങിയത്. നിലവിലിരുന്ന ആചാരപ്രകാരം അയിത്തശുദ്ധിക്കായി പന്തലുമാക്കിക്കാരെ കുറവിലങ്ങാട്ടുനിന്നു കൊണ്ടുവന്ന് പുതുവേലിയിൽ താമസിപ്പിച്ചിരുന്നു. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന പന്തലുമാക്കിൽകാർക്കു ബന്ധുക്കളും മിത്രങ്ങളും സ്ഥലത്തില്ലാതിരുന്നതുകൊണ്ടു കൂടി കഴിയുന്നതിനുവേണ്ടി ബന്ധുക്കളും മിത്രങ്ങളുമായിരുന്ന കുറ്റിലക്കാട്ടുകാരെ അവർ കൂട്ടായി സ്വാഗതം ചെയ്തു.
പാപ്പാനാത്തുപറമ്പ് ഇന്ന് കാണുന്ന പുതുവേലി കത്തോലിക്കാ പള്ളിക്കു കിഴക്കുവടക്കായി പുതുവേലിയിൽനിന്നുഏതാണ്ട് ൭൫൦ മീറ്റർ അകലെയാണ്. അവിടെ താത്കാലികമായി നിർമിച്ച ഭവനത്തിൽ താമസം തുടങ്ങി. എന്നാൽ താമസിക്കാതെ തന്നെ ഉണ്ടായ കൊടും വരൾച്ചയിൽ വിഷമിക്കുകയും വെള്ളം സുലഭമായി ലഭിക്കുന്ന പ്രദേശത്തേക്ക് താമസമാ മാറ്റണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഈ ആവശ്യം പരിഹരിക്കുന്നതിന് ഇന്നത്തെ രീതിയിലുള്ള യന്ത്രസാമഗ്രികളുടെ അഭാവത്തിൽ വെള്ളം സുലഭമായ പ്രദേശത്തേക്ക് മാറുകയേ പറ്റുമായിരുന്നുള്ളൂ. കാലക്രമേണ പിൻഗാമികൾ കുറ്റിലക്കാട്ടു പുരയിടത്തിൽ താമസം തുടങ്ങി. പാപ്പാനാത്ത് പറമ്പിൽ വളരെ കുറച്ചു കാലം മാത്രമേ കഴിച്ചുള്ളൂ, പഴയ രീതിയനുസരിച്ചു സ്ഥിരതാമസത്തിനുമുമ്പ് കുറച്ചുകാലം ഒരു പ്രദേശത്തു താമസിക്കുകയും പറ്റിയ സ്ഥാനവും സ്ഥലവും കണ്ടെത്തുകയുമാണ് പതിവ്. കേൾവിയനുസരിച്ചു ഉഴവൂർ പള്ളിയുടെ നിർമാണത്തിൽ ഗണ്യമായി പങ്കുവഹിച്ചവർ താമസിച്ചിരുന്ന കാലഘട്ടം 15-)0 നൂറ്റാണ്ടു ആണ് എന്ന് മാത്രമേ പറയാൻ കഴിയു. പാലായിൽ ഉള്ള പള്ളിയിൽ നിന്ന് ഇടവക മാറാതെ നിന്ന് ഉഴവൂർ പള്ളിയുടെ നിർമാണത്തിൽ സഹകരിക്കുകയും പിന്നീട് അവിടെ ഇടവക ചേരുകയും ചെയ്തു.
എന്നാൽ 1598-ലെ ഉദയംപേരൂർ സുന്നഹദോസിനു ശേഷം മലങ്കര സഭയിലുണ്ടായ ആഭ്യന്തരകലഹങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇടവക മാറുന്നതിനു പ്രേരകമായി. അങ്ങനെ കുറ്റിലക്കാട്ടു കുടുംബം വടകര സെൻറ്. ജോൺസ് പള്ളി ഇടവകക്കാരായി. വികാരിയായിരുന്ന പുതുവേലി പന്തലുമാക്കിൽ യോഹന്നാൻ കത്തനാരുടെ നേതൃത്വത്തിൽ പള്ളിയുടെ ഭരണ കാര്യങ്ങളിൽ ഭാഗഭാക്കാകുകയും 1653 ഫെബ്രുവരി 3-ലെ കൂനൻ കുരിശു സത്യത്തിൽ ഇടവക പ്രതിനിധിയെന്ന നിലയിൽ പങ്കെടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.
കാലം അതിന്റെ ഗതിയനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു .നാട് നഗരമായി. കൃഷി വിട്ട് വ്യാപാരത്തിലേക്കും ഉദ്യോഗത്തിലേക്കും മാറി .ജനങ്ങൾ വർദ്ധിച്ചു. ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്ക് മാറി .യാന്ത്രിക യുഗം സംജാതമായപ്പോൾ കുടുംബാംഗങ്ങൾ പരസ്പരം അറിയാതെ വന്നു .അറിയുന്നവർ തമ്മിൽ കാണാതായി. കാണുന്നവർ തമ്മിൽ അറിയതായി. അപ്പോൾ ഒരു ഒത്തുചേരലും കുടുംബചരിത്രവും ആവശ്യമെന്ന് പലർക്കും പലപ്പോഴും തോന്നി .വൃക്ഷം വളർന്നു . പന്തലിച്ചു.ശാഖകളിൽ നിന്ന് ശാഖകൾ .വേരുകളിൽ നിന്ന് വേരുകൾ ,വളർന്ന് പന്തലിച്ചപ്പോൾ ആണ് മൂലകുടുംബത്തെപ്പറ്റി ചിന്തിക്കുകയും മനസിലാക്കണമെന്ന ആഗ്രഹം ഉണ്ടാകുകയും ചെയ്തത് . പലരിലും പലപ്പോഴായി അങ്കുരിച്ച ആഗ്രഹവും പരസ്പരം വിനിമയം ചെയ്തു .പരസ്പര ചർച്ചയിലും അന്വേഷണത്തിലും ഏറ്റവും കൂടുതൽ വിവരം ലഭിച്ചത് ശ്രീമതി മറിയക്കുട്ടി ഐസക്കിൽ നിന്നാണ് .ശ്രീമതി മറിയക്കുട്ടി കുടുംബചരിത്രം പൂർണമായിത്തന്നെ നല്ല ഭാഷയിൽ കുറിച്ചിട്ടിരുന്നു .ഏറിയ പങ്കും ശ്രീമതി മറിയക്കുട്ടിയുടെ കയ്യെഴുത്തിൽ അടങ്ങിയിട്ടുണ്ട് .വേരുകൾ തേടിയവർക്ക് ആശ്വാസമായി . ആ കയ്യെഴുത്തിനെ ആധാരമാക്കിയാണ് ഇ കുടുംബചരിത്രം എഴുതാൻ ശ്രമിക്കുന്നത് . മറ്റു പലരുമായി തിരക്കുമ്പോഴും പ്രസ്‌തുത കയ്യെഴുത്തുമായ് പൊരുത്തപ്പെടുന്നു കേട്ടവർ കേട്ടവർ അന്വേഷിച്ചു . ഒത്തുകൂടണമെന്ന താല്പര്യം ഉണ്ടായി .അതിന്റെ വെളിച്ചത്തിൽ ആദ്യ ശ്രമം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ് .
അതായത് 1987 -ൽ എളനാട് ആനിക്കൂട്ടത്തിൽ ശ്രീമാൻ പൈലി സുഖമില്ലാതെ മരണാവസ്ഥയിൽ കിടക്കുമ്പോൾ പൈലിയെ കാണുവാൻ കൊണ്ടാഴിക്കളത്തിലെ ഇത്താക്കും, പുത്തൻപുരയിൽ പൈലിയും, വട്ടായിയിലെ കുര്യാച്ചനും , പഴമ്പാലക്കോട്ടിലെ ഔനച്ചനും ,ചീരക്കുഴിയിലെ ജോണിയും, പുതുവേലിയിൽ നിന്ന് എബ്രഹാം ഫിലിപ്പും അങ്ങനെ നാനാഭാഗത്തു നിന്നും വന്ന നമ്മുടെ ആളുകൾ കൂടിയിരുന്ന സദസിൽ നാട്ടുവർത്തമാനങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ എബ്രഹാം ഫിലിപ്പാണ് നമ്മുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ പുനർജീവിപ്പിക്കണമെന്നും അതിനു ഒരു ഒത്തുചേരൽ സംവിധാനം ഉണ്ടാവണമെന്നുമുള്ള ആശയം കൊണ്ടുവന്നത് .ഈ ആശയത്തിൽ നിന്ന് അന്ന് കൂടിയിരുന്നവർ കഴിവതും ആളുകളെ അറിയിച്ഛ് ഒരു ആലോചന യോഗം കൊണ്ടാഴിയിൽകളത്തിൽ വെച്ചു കൂട്ടുമെന്ന് തീരുമാനിച്ചു .അങ്ങനെ 1989 ജനുവരി മാസം 14 -തീയതി കുടുംബത്തിലെ മുതിർന്നവരിൽ പലരും കൊണ്ടാഴിക്കാലത്തിൽ ശ്രീ പൈലി ഇത്താക്കിന്റെ ഭവനത്തിൽ വെച്ചു കൂടുകയും ഏതാണ്ട് 137 പേർ പങ്കെടുത്ത ഈ ആലോചന യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കുകയുമുണ്ടായി .
1 ) ഈ കുടുംബത്തിന് കുട്ടിലാക്കാട്ട് ഇടിഞ്ഞുകുഴി കുടുംബയോഗമെന്ന് പേര് വിളിക്കാമെന്നും
2 ) സംഗമനാളിൽ കുടുംബത്തിൽ നിന്ന് പരേതരായ സകലരുടെയും ഓർമദിനമായി കണക്കാക്കി ദിവ്യബലി അർപ്പിക്കണമെന്നും
3 ) കുടുംബയോഗം കുട്ടികളുടെയും മുതിർന്നവരുടെയും ഒഴിവ് ദിവസം നോക്കി എല്ലാ വർഷവും ഡിസംബർ 26 തിയതി നടത്താമെന്നും
4 ) കുടുംബത്തിന്റെ പ്രസിഡന്റ് അതാത് കാലത്തെ മുതിർന്ന കാരണവരായിരിക്കണമെന്നും
5 ) കുടുംബയോഗത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് വേണ്ടി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഉണ്ടാക്കുകയും ചെയ്തു .
കുടുംബ ചരിത്രത്തിന്റെ ആവശ്യകതയെക്കുറിച്ചും കുടുംബയോഗത്തിന്റെ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചും അവിടെ ഉണ്ടായിരുന്നവർ ഏകകണ്ഠമായി അംഗീകരിക്കുകയും താല്പര്യപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിൽ അതെ വർഷം തന്നെ 1989 - ഡിസംബർ 26 ന്പുതുവേലിയിൽ ആനിക്കൂട്ടത്തിൽ ( ഇടിഞ്ഞുകുഴിയിൽ ) പ്രൊഫ. എബ്രഹാം ഫിലിപ്പിന്റെ ഭവനത്തിൽ വെച്ച് നടത്തണമെന്ന് തീരുമാനിച്ചു .നമ്മുടെ കുടുംബത്തിന്റെ ആദ്യപടി അതാണ് .
പ്രൊഫ .എബ്രഹാം ഫിലിപ്പിന്റെ ഭവനത്തിൽ കുടുംബത്തിലെ നാലും ,അഞ്ചും ,ആറും ഏഴും തലമുറകളിൽപെട്ടവർ വളരെ സന്തോഷത്തോടെ ,ഉത്സാഹത്തോടെ ,ആഹ്ലാദത്തോടെ ഒത്തുകൂടി .ഉദ്യമം വിജയിച്ചു .കുടുംബാംഗങ്ങൾ സംതൃപ്തരായി .കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ശിശുക്കളും ബാലരും യുവാക്കളും വൃദ്ധരും ഒരു ചങ്ങലയിലെ കണ്ണികളായി കോർത്തിണക്കി ശ്രീമതി മറിയക്കുട്ടി കുടുംബചരിത്രം വിശദീകരിച്ചു.
കാട് നാടായും നഗരമായും മാറി .മനുഷ്യ ജീവിതം യാന്ത്രികത നിറഞ്ഞതായി .എങ്കിലും കുടുംബത്തോടുള്ള സ്ഥായിയും സ്നേഹവും നാഗരികതയെയും നൂതന പ്രവണതകളെയും അതിജീവിക്കുന്നു എന്നതിന്റെ മകുടോദഹരണമാണ് ഈ കൂട്ടായ്മ .സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും അലയൊലികൾ ആഞ്ഞടിക്കും .
കുടുംബാംഗങ്ങൾ ഒരിക്കലും വിസ്മരിക്കാത്ത ഒരു ദിവസമാണ് ഡിസംബർ 26 .അത് ഒത്തുചേരലിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണ് .ഈ ദിനം ആഘോഷത്തിന്റെ ദിനമാണ് .കുടുംബങ്ങളായ നമ്മുടെ എല്ലാ പിതാക്കന്മാരെയും ഓർമ്മിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന ദിനമാണ് .വിവിധ മണ്ഡലങ്ങളിൽ പ്രാവീണ്യം നേടിയവരെ ആദരിക്കുന്ന ദിനമാണ് .പ്രശസ്തരായ വിജയികളെ പ്രോത്സാഹിപ്പിക്കുന്ന ദിനമാണ് .ചുരുക്കത്തിൽ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും ദിനമായ കൊണ്ടാടുന്നു . നമ്മുടെ പിതാക്കന്മാർ ആഗ്രഹിച്ച രീതിയിലുള്ള മാതൃക കുടുംബങ്ങളായി നമ്മുടെ ഓരോ കുടുംബങ്ങളും വർത്തിക്കട്ടെയെന്നും തണതായും കൂട്ടായുമുള്ള പ്രവർത്തനങ്ങൾക്ക് ഓജസ്സും, തേജസും നൽകുവാൻ ഈ കുടുംബചരിത്രവും കുടുംബസംഗമവും ഉതകട്ടെയെന്നും നമുക്കു കൂട്ടായ് പ്രാർത്ഥിക്കാം .അതിനായി യത്നിക്കുകയും ചെയ്യാം .
ദൈവത്തിനു സ്തുതി
പ്രിയപ്പെട്ട കുടുംബാംഗം ...........................................................അറിവാൻ
നമ്മുടെ കുടുംബാംഗങ്ങൾ പല സ്ഥലങ്ങളിലായി വിദൂരത്തിൽ കഴിഞ്ഞു വരികയാണല്ലോ ,ഇടുക്കി , കോട്ടയം , എറണാകുളം , തൃശൂർ , palakkad ,എന്നീ ജില്ലകളിൽ നമ്മുടെ കുടുംബം വ്യാപിച്ചു കിടക്കുന്നു . വേറെ വേറെ വീടുകളിൽ താമസിക്കുന്നെങ്കിലും നാമെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങൾ ആണല്ലോ .
നമ്മുടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഈ സ്നേഹബന്ധം പിൽക്കാലത്തും സുഗമമായി തുടരുന്നതിനു ഒരു കുടുംബയോഗം സംഘടിപ്പിക്കേണ്ടത് വളരെ ആവശ്യമാണെന്ന് ഞങ്ങൾക്കു തോന്നുന്നു .പ്രസ്‌തുത കാര്യത്തെപ്പറ്റി ഔപചാരികമായി ആലോചിക്കുന്നതിനു നമ്മുടെ ഒരു യോഗം കൊണ്ടാഴി കളത്തിൽ വീട്ടിൽ വെച്ചു 14 .01 .1989 ശനിയാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നു .എല്ലാവരും നേരത്തെ വന്ന് സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
എസ്. കൊണ്ടാഴി മത്തായി ഇത്താക്ക് ഇടിഞ്ഞുകുഴിയിൽ
പൈലി ഇത്താക്ക് ഇടിഞ്ഞുകുഴിയിൽ
മത്തായി തോമസ് ഇടിഞ്ഞുകുഴിയിൽ
പൈലി മത്തായി ഇടിഞ്ഞുകുഴിയിൽ
ആദ്യ ആലോചനയോഗം നടന്ന ഭവനo (കൊണ്ടാഴി കളത്തിൽ)
ഇടിഞ്ഞുകുഴിയിൽ താമസിച്ച മൂത്ത സഹോദരൻ ഇത്താക്കും ,തറവാടായ കുറ്റിലക്കാട്ട് താമസിച്ച ചാക്കോയും അവരുടെ മക്കളും പുതുവേലിൽ നാടിന്റെ സിംഹഭാഗവും അധീനത്തിലാക്കി .ഇന്നത്തെ വൈക്കം റോഡിനു തെക്കുവശം ചക്കാലപ്പറക്കു കിഴക്കുവശം അരിവാളിനു വടക്കുവശം വെളിയന്നൂരിന് പടിഞ്ഞാറുവശം ആയുള്ള പ്രദേശങ്ങൾ കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴി കുടുംബം വകയായി തീർന്നു . വൃക്ഷം വളർന്നു വേരുകൾ നന്നായി പാഞ്ഞും ദൃഢതപ്പെട്ടു .കൊമ്പുകളും ശാഖകൾക് ഉപശാഖകളുമായ് പന്തലിക്കാൻ തുടങ്ങി.
കൃത്യനിഷ്ഠയോടെ ക്രിസ്റ്റീയജീവിതം ,അടുക്കും, ചിട്ടയുമുള്ള പ്രവർത്തനം ,സമൂഹത്തോടുള്ള പ്രതിബദ്ധത ,സർവോപരി ദൈവാധീനം എന്നിവ വളർച്ചയെ ത്വരിതപ്പെടുത്തി . കുടുംബാംഗങ്ങൾ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ വ്യാപാരിച്ച നാടിനും നാട്ടുകാർക്കും ഉപകാരികളായി .നാടിന്റെ വളർച്ചയെ സംബന്ധിച്ചു നോക്കുമ്പോൾ എടുത്തു പ്രകീർത്തിക്കേണ്ടതായി പലതും ഉണ്ട് . വടകര സെന്റ് ജോൺസ് പള്ളി ഇടവകക്കാരായി കഴിയുമ്പോൾ ദൂരക്കൂടുതൽ കാരണം ആരാധന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയും തൽഫലമായി ഈ ഭാഗത്തുണ്ടായിരുന്നവരെ സംഘടിപ്പിച്ഛ് കൂത്താട്ടുകുളത്തു മാര്സതേപ്പാനോസ് സഹദായുടെ നാമത്തിൽ ഒരു പള്ളി പണിയുകയും കാലക്രമത്തിൽ അവിടുത്തെ ഇടവകക്കാരായി മാറുകയും ചെയ്തു . ഇതൊരു വലിയ തുടക്കത്തിന്റെ ആരംഭം മാത്രമായിരുന്നു .
ആരാധനാലയം പണിതുകഴിഞ്ഞപ്പോൾ വിദ്യാഭ്യാസ സൗകര്യം കൂടി മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടാകുകയും സ്‌തപ്പാനോസ് പള്ളിയുടെ വടക്ക് വശത്തു പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനായി ഒരു പള്ളിക്കൂടം നിർമ്മിക്കുകയും ചെയ്തു . കുതിര സവാരിയിൽ തല്പരനായ ശ്രീ ഉതുപ് ( തലമുറ:2 ) പ്രസ്‌തുത പള്ളിക്കൂടം പണിയിപ്പിക്കുന്ന കാലഘട്ടത്തിലാണ് കുതിരപ്പുറത്തുനിന്ന് വീഴുകയും തുടർന്ന് രോഗശയ്യയിലായി മരിക്കുകയും ചെയുന്നത് . ആത്മീയ കാര്യങ്ങളിലും കൂടാതെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിലും അതീവ തല്പരരായിരുന്നു നമ്മുടെ പൂർവികരെന്ന് ഓർക്കുമ്പോൾ ആർക്കാണ് ഹൃദയം നിറയാത്തത്. ഇന്നേക്ക് ഒരു ശതപ്തം മുമ്പവരെ മാര്സതേപ്പാനോസ് പള്ളി ഇടവകക്കാരായി കഴിഞ്ഞ കുടുംബാംഗങ്ങൾ കുറച്ചകൂടിയടുത്തു ഒരു ആരാധനാലയം ആവശ്യം ആണെന്ന് ആഗ്രഹിക്കുകയും പുതുവേലിയിൽ തന്നെ ഒരു ദൈവാലയം ഉണ്ടാകണമെന്ന് നിശ്ചയിക്കുകയും ചെയ്തു . നിശ്ചയദാർഢ്യം ഉണ്ടായിരുന്നവർ പുതുവേലി സൈന്റ്റ് ജോൺസ് ദൈവലയം പണിയുന്നതിന് ഉപയുക്തമായ സ്ഥലം ദാനമായി കൊടുക്കുകയും പള്ളിയുടെ പണികൾ ആരംഭിക്കുകയും ചെയ്തു .ഇടിഞ്ഞുകുഴിയിൽ ഇത്താക്കും സഹോദരൻ ചാക്കോയുംകൂടി ധാനം ചെയ്ത സ്ഥലത്തിന്റെ ആധാരം ഇന്ന് പള്ളിയിൽ ഉണ്ട് . റഫ:- കൂത്താട്ടുകുളം സബ്‌രജിസ്ട്രയ് ആധാരം നമ്പർ 299 & 302 തീയതി 31 .01 .1903 ( me 1079 തുലാം 15 ലൗകികകാര്യങ്ങളിലും ശ്രദ്ധചെലുത്തിയ അവർ പുതുവേലിയിൽ തന്നെ ഒരു പള്ളിക്കൂടം വേണമെന്ന് ആഗ്രഹിക്കുകയും ഇന്നത്തെ പള്ളിയുടെ വടക്കുഭാഗത്തെ പുതുവേലി റോഡിനു പടിഞ്ഞാറുവശം ഒരു പള്ളിക്കൂടം ഉണ്ടാക്കുകയും ചെയ്തു . കുടുംബാംഗങ്ങളുടെയും വിശിഷ്യാ നാട്ടുകാരുടെയും നാനാ രീതിയിലുള്ള വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിച്ചവരാണ് ഈ രണ്ടു സഹോദരങ്ങളും .ശ്രീമാന്മാരായ ഇത്താക്കും ചാക്കോയും പരസ്പരം സ്നേഹത്തോടെ എല്ലാക്കാര്യങ്ങളിലും ഒത്തൊരുമിച്ചു പ്രവർത്തിച്ചവരും കുടുംബത്തിന്റെ വളർച്ചക്കും പുരോഗതിക്കും തുടക്കം കുറിച്ചവരും ആയിരുന്നു .എന്നാൽ ദിർഘകാലം ഒത്തൊരുമിച്ചു മുന്നേറാൻ വിധിയനുവദിച്ചില്ല
ഇളയസഹോദരൻ ശ്രീ.ചാക്കോ 35 വയസിനു മുൻപ് നിര്യതനായി .സഹോദരന്റെ വേർപാടിൽ മനംനൊന്ത ജ്യേഷ്ഠൻ ഇത്താക്ക് തറവാട്ടിലെ കാര്യങ്ങളുടെയും ചുമതല ഏറ്റെടുത്തു നടത്തിപ്പോന്നു . നാടിനോടും നാട്ടാരോടും കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള പ്രതിബദ്ധതയും സ്നേഹവും പുലർത്തുന്നതിൽ അതീവ തല്പരരായിരുന്ന കുടുംബനാഥന്മാർ പ്രഭാതം മുതൽ പ്രദോഷം വരെ പാടത്തും പറമ്പിലും പണിയെടുക്കുക എന്നത് മാത്രമല്ല ,സമൂഹത്തോടും സഭയോടുമുള്ള കടമയും കടപ്പാടും നിർവഹിക്കുന്നതിൽ കാണിച്ച വ്യഗ്രതയും താല്പര്യവും എക്കാലവും സ്മരിക്കേണ്ടത് തന്നെ .പാടുപെട്ട് പണി ചെയ്യുകയും പട്ടിണിയിൽ നിന്ന് പണമുണ്ടാക്കുകയും മാത്രമായിരുന്നില്ല ലക്‌ഷ്യം . പ്രത്യുത , സര്വതോമുഖമായ ഉന്നമനം തന്നെ ആയിരുന്നു ലക്‌ഷ്യം . ഉദാത്തങ്ങളായ ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും ശ്രയസ് കരമായ രീതിയിൽ പ്രവർത്തനപഥത്തിലെത്തിക്കുന്നതിലും കാണിച്ച വ്യഗ്രത ഒരു തപസ്യ തന്നെ ആയിരുന്നു . ഇക്കാര്യം എക്കാലവും ഓർക്കേണ്ടതും ആദരിക്കേണ്ടതും തന്നെ .കാർഷികവൃത്തിയൊരു ഉപാസനയാക്കി . ഭക്ഷ്യ വിളകളും നാണ്യ വിളകളും ധാരാളമായി കൃഷി ചെയ്തു . നല്ല പ്രവർത്തി നല്ല ഫലം നൽകി . നല്ല ഫലം നല്ല രീതിയിൽ വിനിയോഗിക്കണമെന്ന് ശഠിച്ചു. ആരോഗ്യപരമായ മത്സരബുദ്ധിക്കും ഉത്സാഹത്തിനും പൂർണവിജയത്തിലെത്തിക്കുന്നതിന് തടസ്സമായി നിന്നത് ഭൂമിയുടെ വിസ്തീർണം മാത്രം ആയിരുന്നു .
ശ്രീ. ഇത്താക്കിന്റെ മക്കൾ ഭൂമിതേടി കിഴക്കോട്ടും വടക്കോട്ടും യാത്ര തുടങ്ങി . അങ്ങനെ തൊടുപുഴ ,മുളപ്പുറം ഭാഗങ്ങളും തൃശൂരിന് വടക്കുവശം ചീരക്കുഴി ,ഇളനാട് ,വട്ടായി ,കൊണ്ടാഴി , പഴമ്പാലക്കോട് ,മണ്ണാർക്കാട് തുടങ്ങിയ സ്ഥലങ്ങളിലും ചേക്കേറി .ശാസ്ത്രീയമായ കൃഷിരീതി അനുവർത്തിക്കുക മാത്രമല്ല പിന്നെയോ ,അന്നാട്ടുകാരെ കൃഷി എങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്തു . ക്രമേണ കുടുംബത്തിന്റെ ശാഖകൾ വടക്കൻ കേരളത്തിലും വളർന്നു പന്തലിക്കുന്നു.
കുടുംബത്തിനും കുടുംബാംഗങ്ങൾക്കും ചില പ്രത്യേകതകളുണ്ട്. അവ എടുത്ത് പറയാതിരിക്കുന്നത് ശരിയല്ല . കാരണം ഈ പ്രത്യേകതകൾ അവരുടെ പൈതൃകമായിട്ടുള്ളതാണ് . രക്തത്തിൽ അലിഞ്ഞുചേർന്നവയാണ് .
മിച്ചം വെയ്ക്കുന്ന സ്വഭാവം കുടുംബാംഗങ്ങളുടെ സ്ഥായിയായ ഒരു ശൈലി ആണ് . കിട്ടുന്നതൊക്കെയും പൂർണമായി ചെലവ് ചെയ്യാതെ പിന്തലമുറയ്ക് ഉതകത്തക്കവണ്ണം കരുതലോടെ സൂക്ഷിക്കുന്നവർ . പച്ചയായി പറഞ്ഞാൽ പിശുക്ക് ധാരാളമായി കാണിക്കുന്നവർ . പുരോഗതിയുടെ അടിസ്ഥാനം മിച്ചം വെയ്ക്കുന്നതും , കൃത്യനിഷ്ഠയോടെ അളന്ന് തൂക്കി വേണ്ടുന്ന അവസരങ്ങളിൽ പ്രത്യുത്പാദനത്തിന് ഉപകരിക്കും വിധം ചിട്ടപ്പെടുത്തുകയും ചെയ്യുകയെന്നതാണെങ്കിൽ ,അവയെല്ലാം പൂർണ അളവിലും അർത്ഥത്തിലും ചെയ്ത പിതാക്കന്മാരെ എത്രകണ്ട് സ്തുതിക്കണം . എത്രമാത്രം പുകഴ്ത്തണം .എല്ലാവരും തന്നെ കൃത്യനിഷ്ഠയോടെ സൂഷ്മതയോടെ ജീവിച്ചവരും മിച്ചം വെക്കുന്നതിൽ നിഷ്കർഷ ഉള്ളവരും ആയിരുന്നു . വിത്ത് കുത്തി കഞ്ഞി കുടിക്കില്ല ഇതൊരു ദൃഢനിശ്ചയമാണ് . പലരും പലമണ്ഡലങ്ങളിൽ വ്യാപാരിക്കുന്നു. ഓരോരുത്തരും ഓരോ പ്രവർത്തനമണ്ഡലങ്ങളിൽ സ്ഥാനമുറപ്പിച്ചവരാണ് . ഉദാഹരണമാണാവധി ,അടുത്തകാലത്തു കേരളത്തിൽ കൂടുതൽ കുരുമുളക് ഉല്പാതിപ്പിച്ചവരിൽ ഈ കുടുംബത്തില്പെട്ടവരും ഉൾപ്പെടുന്നു .കഠിനാദ്വാനത്തിന്റെ ഫലമായി സ്വന്തം മണ്ണിൽ വിളയിച്ച കറുത്തപൊന്ന്.
കുടുംബത്തിൽ അമിതമായ സുഖലോലുപരില്ലെന്നു പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല . കഠിനാധ്വാനം ആണ് വിജയത്തിന്റെ രഹസ്യം .കൃത്യനിഷ്ഠതയാണ് ശൈലി .ലാളിത്യമാണ് മുഖമുദ്ര .വിനയമാണ് ആയുധം . കേരളത്തിൽ കാർഷിക മേഖലയെ വളർത്തുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അടുത്ത കാലത്തു പല അവാർഡുകൾ ഏർപെടുത്തിയിരുന്നല്ലോ . കർഷകോത്തമൻ തുടങ്ങിയ അംഗീകാരങ്ങൾ നേടിയ കർഷക ഉത്തമന്മാർ ഈ കുടുംബത്തിൽ ഉണ്ട് . വിദ്യാഭ്യാസ വിചക്ഷണമാർ അനവധി . കേരളത്തിലെ വിവിധ സർവകലാശാലകളുടെ കീഴിൽ പ്രശംസനീയമായ നിലകളിൽ പ്രവർത്തിക്കുന്ന , കലാലയങ്ങളിൽ എക്കാലവും സ്മരിക്കപ്പെടുന്ന അധ്യാപകശ്രേഷ്ഠരും ഈ കുടുംബത്തിൽ നിരവധി .
ശാസ്ത്രസാങ്കേതികരംഗത്തും ചികിത്സാരംഗത്തും ഔന്നത്യത്തിലെത്തിയവരും ചുരുക്കമല്ല. കൃഷിക്കാരന്റെ സന്തതി കൃഷിക്കാരൻ മാത്രമല്ല പിന്നെയോ പുരോഹിതനും , വ്യാപാരിയും ,അധ്യാപകനും , പ്രൊഫസ്സറും എഞ്ചിനീറും , കോൺട്രാക്ടറും , ഡോക്ടറുമായിത്തീർന്ന് വിവിധ രംഗങ്ങളിൽ സേവനം ചെയുന്നു.
കുട്ടിലാക്കാട്ട് ഇടിഞ്ഞുകുഴിക്കാരെപ്പറ്റി നാട്ടിലുള്ള ഒരു പൂർവിക ചൊല്ലുണ്ട് .കയ്പ്പില്ലാത്തവർ .അർഥം മറ്റൊന്നുമല്ല കളങ്കമില്ലാത്തവർ . കളവ് ചെയ്യാത്തവരും കളവിനു കൂട്ടുനില്കാത്തവരും കളവു പൊറുക്കാത്തവരും . വരെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് എത്താൻ സഹായിച്ച പല കാരണങ്ങളിൽ മുഖ്യമായിട്ടുള്ളത് അവരുടെ സത്യസന്ധതയും മനഃശുദ്ധിയും ആണ് . തളരാത്ത മനസിന്റെ ഉടമകളാണ് . ആരെയും പഴിക്കാറില്ല ദൈവത്തിൽ ആശ്രയിക്കും . നന്മക്കായി പ്രവർത്തിക്കും . എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം . ജീവിതക്രമത്തിൽ പാളിച്ചകൾ ഉണ്ടായാൽ ഇനിയുള്ള വീഴ്ച വളരെ ഉയരത്തിൽ നിന്നായിരിക്കും . ഇത് ഏവർക്കുമുള്ള ഒരു താക്കീത് തന്നെ . ഒരു മനസ്സായി , തോളോട് തോൾ ചേർന്ന് കൈ കോർക്കുന്നതിന്റെ സുഖവും ശക്തിയും ആസ്വദിക്കാം . അനുഭവിക്കാം . അത് മറ്റുള്ളവർക്കും ഉപകരിക്കട്ടെ .പ്രചോതനമാകട്ടെ . കലവറയില്ലാതെ ലഭിച്ച കൃപയ്ക്കും കരുണക്കും അനുഗ്രഹത്തിനും നന്ദി പറയാം . ദൈവത്തെ മഹത്വപെടുത്താം .എല്ലാവരും ലോകത്തിനു ഉപകാരികളും പ്രാർത്ഥനാ ജീവിതമുള്ളവരും ആയിരിക്കട്ടെ .
കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബം എല്ലാരീതിയിലും അർത്ഥത്തിലും സാമാന്യം ഉന്നതമായ സ്ഥാനത്തു എത്തിനിൽക്കുന്നതിൽ അഭിമാനം കൊള്ളുകയും അതിനു ലഭിച്ചതായ ദൈവത്തിന്റെ കരുണക്കും കൃപയ്ക്കും നന്ദിപറയുകയും ചെയ്യുന്നു. നമ്മുടെ കുടുംബ വൃക്ഷം ഇന്ന് വളർന്ന് ശാഖോപ ശാഖകളായി പന്തലിച്ചു പൂത്തുകുലച്ചു് നല്ല ഫലങ്ങൾ തരുന്നു. ഇതിൽ ഏവർക്കും അഭിമാനിക്കാം . എന്നാൽ അഭിമാനംകൊള്ളുമ്പോൾ ,നിർവൃതിയടയുമ്പോൾ ഓർക്കേണ്ടതായി ഒന്നുണ്ട് .അതായത് ഒരു വലിയ വൃക്ഷത്തെ താങ്ങി നിർത്തുന്ന വേരുകളുടെ പ്രാധാന്യം . അവ ബലവത്താണ് . അദൃശ്യമായവയാണ് .ഇന്നും ഈ വേരുകൾ വളവും വെള്ളവും അന്വേഷിച്ചു ശേഖരിച് അതിന്റെ ഇലകളിലും പൂക്കളിലും കായ്കളിലും എത്തിക്കുന്നു . ആ വേരുകൾ നമ്മുടെ പൂർവപിതാക്കന്മാരാണ് . അവരുടെ പ്രാർത്ഥനാജീവിതം ,പ്രയത്നം , സൽപ്രവർത്തികൾ , അനുഗ്രഹം എന്നിവയുടെ പ്രാധാന്യം വിസ്മരിക്കത്തക്കതല്ല .അവർ നമുക്കുവേണ്ടി ( ഇന്നത്തെ തലമുറക്കുവേണ്ടി ) പ്രാർത്ഥിക്കുന്നു . നിശ്ചയം തന്നെ . ഈ വടവൃക്ഷത്തെ താങ്ങി നേരെ നിർത്തുന്ന അദൃശ്യമായത് എന്തൊക്കെയാണോ അവയെല്ലാം എത്ര ശ്രഷ്ഠവും മഹത്വമേറിയവയും ആയിരിക്കും . അവയെ എങ്ങനെ വിസ്മരിക്കാനാകും.
നമ്മുടെ കുടുംബവൃക്ഷത്തിന്റെ തായ്‌വേര് എന്നു പറയുന്നത് അനുഗ്രഹിക്കപെട്ടവരായ ശ്രീ അവിരാ - അന്ന ദമ്പതികൾ തന്നെ ഇവർ കുറ്റിലക്കാട്ട് കുടുംബത്തിന്റെ ആണിക്കല്ലും നെടുംതൂണുമായിരുന്നു . ശ്രീമതി അന്ന കോഴിപ്പിള്ളി ,വാരിശ്ശേരികുന്നിന്മേൽ എന്ന വീട്ടിൽ ജനിച്ഛ് കുറ്റിലക്കാട്ട് അവിരയുടെ ഭാര്യ ആയി. ഗൃഹനാഥനായ ശ്രീ അവിരായുടെ സർവോന്മുഖമായ പ്രവർത്തനങ്ങൾക്ക് ചൂടും ചൂരും നൽകി ഉണർന്ന് .തളരാതെ പ്രതിബദ്ധതയോടെ താങ്ങായി പ്രവർത്തിച്ച , ശ്രീമതി അന്ന ഏവർക്കും പ്രിയങ്കരിയും ശ്രെഷ്ഠയും ആയിരുന്നു . ഏതാണ്ട് അമ്പതുവർഷം മുൻപുവരെ , 1961 -ൽ മൂന്നാം തലമുറക്കാരനായ ശ്രീ ചാക്കോ അവിരായുടെ മരണം വരെ , ശ്രീമതി അന്നയുടെ ( ഒന്നാംതലമുറ ) ശ്രാദ്ധം മകരം അഞ്ചാംതീയതി വർഷംതോറും മുടക്കം കൂടാതെ ആചരിച്ചിരുന്നു .കുടുംബത്തിൽപെട്ടവർ മുഴുവൻ തന്നെ കടുംകീരി, കൂമുള്ളിൻകുന്നേൽ (വേട്ടച്ചിറ) വടക്കേടം അതിൽ പങ്കെടുത്തിരുന്നു . ഈ ശ്രാദ്ധം ആരെയും ഷെണിക്കുന്ന പതിവില്ലായിരുന്നു . പങ്കെടുക്കുകയെന്നത് കുടുംബക്കാരുടെയും ചർച്ചക്കാരുടെയും കടമയായി കണക്കാക്കിയിരുന്നു . പള്ളിയിലെ അനുസ്മരണ ശുശ്രുഷ കഴിഞ്ഞ് എല്ലാവരും തറവാട്ടിൽ ഒത്തുചേരും . അന്യംനിന്നുപോയ ആ അനുസ്മരണം എത്ര ശ്രഷ്‌ഠമായിരുന്നു . ശ്രെഷ്ഠതയുള്ളവരെ ശ്രെഷ്ഠമായ രീതിയിൽ അനുസ്മരിക്കുക എന്നത് എത്ര ഉചിതമാണ് . എത്ര ശ്രെയസ്കരമാണ്.
ശ്രീമതി അന്ന വീടിനു വിളക്കായിരുന്നു . വിളക്ക് പ്രകാശിക്കുന്നതിന് എന്തെല്ലാം വേണമോ അതായിരുന്നു ശ്രീ . അവിരാ നിങ്ങൾ കാണിച്ചതായ എല്ലാ മദ്ഹരികകൾക്കും നന്ദി . വീടിനോടും വീട്ടുകാരോടും കുടുംബക്കാരോടും ചാർച്ചക്കാരോടും നിങ്ങൾ കാണിച്ച സ്നേഹം , ബഹുമാനം എന്നിവയാണ് ഈ തലമുറക്ക് പൈതൃകമായ ലഭിച്ച നിധി . നിങ്ങളോടുള്ള നിസീമമായ കടപ്പാടും ബഹുമാനവും ആധാരവും എക്കാലവും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . നിങ്ങളുടെ പ്രാർത്ഥനയാണ് ഞങ്ങളെ ശക്തരാക്കുന്നത് , നേർവഴിക്ക് നടത്തുന്നത് . കുറ്റിലക്കാട്ട് കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്ന ആദരണീയനായ അവിരാ - അന്ന ദമ്പതികളെ പിന്തുടരാൻ നമുക്ക് പ്രാപ്തരാകാം . അവരുടെ പ്രാർത്ഥന നമുക്ക് ശക്തി നൽകുമാറാകട്ടെ.
ഈ കുടുംബ യോഗത്തിന്റെ പേര് കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബയോഗം എന്നായിരിക്കും .
കുടുംബയോഗത്തിന് സ്ഥിരമായ ഓഫീസ് ഉണ്ടാകുന്നതുവരെ സെക്രട്ടറിയുടെ വസതി കുടുംബയോഗത്തത്തിന്റെ ഓഫീസ് ആയി പ്രവർത്തിക്കുന്നതായിരിക്കും .
കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബാംഗങ്ങൾ മാത്രമായിരിക്കും ഈ കുടുംബ യോഗത്തിന്റെ അംഗങ്ങൾ .മേൽ വിവരിക്കുന്ന കുടുംബയോഗങ്ങളിൽ പുത്രന്മാരും പുത്രിമാരും ,പുത്രന്മാർവഴിയുള്ള പിൻഗാമികളും ഉൾപ്പെടെ സ്ത്രീപുരുഷഭേദമന്യേ ഈ കുടുംബയോഗത്തിന്റെ അംഗങ്ങളായിരിക്കും .പെൺമക്കൾ വിവാഹിതരായി ഭർത്താവിന്റെ കുടുംബത്തിൽ അംഗമാകുമെങ്കിലും അവർ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ അവരും കുടുംബവും ഈ കുടുംബയോഗത്തിന്റെ അംഗമായിരിക്കും .ഈ കുടുംബത്തിൽ നിന്നും ദത്ത് പോയിട്ടുള്ളവരും ദത്ത് വന്നിട്ടുള്ളവരും അവരുടെ പുത്രന്മാരും അവരുടെ സന്താന പരമ്പരകളും ഈ കുടുംബ യോഗത്തിന്റെ അംഗങ്ങളായിരിക്കും
കുറ്റിലക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബത്തിൽ നിന്നും മരിച്ചുപോയിട്ടുള്ള എല്ലാവരുടെയും ഓർമ്മ ദിവസമായിട്ടാണ് കുടുംബയോഗവാർഷികം ആഘോഷിക്കുന്നത് . കുടുംബാംഗങ്ങളുടെ സൗഹാർദ്ദവും സഹവർത്തിത്വവും വർദ്ധിപ്പിക്കുന്നതിനും, ഭൗതികവും ആദ്ധ്യാത്മികവുമായ ഉന്നതികൾക്കുവേണ്ടി കുടുംബാംഗങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നതിന് വേദി ഒരുക്കുക ,അവരുടെ ഇടയിലുള്ള ഭിന്നതകൾ തീർത്തു കൂട്ടായ്മ ഉണ്ടാക്കുന്നതിനും,അത്യാഹിതത്തിലും ,കഷ്ടനഷ്ടത്തിലും വേണ്ട സഹായം ലഭിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്തുക
വാർഷിക പൊതുയോഗം എല്ലാവർഷവും ഡിസംബർ മാസം 26 -)൦ തിയ്യതി ചേരേണ്ടതാണ് .ഖണ്ഡിക 3 ൽ പറയുന്ന എല്ലാ മെമ്പർമാരുടെ വാർഷിക പൊതുയോഗത്തിൽ അംഗകൾ ആയിരിക്കും .ഇഫക്ടീവ് മെമ്പർമാരുടെ യോഗത്തിൽ (അർദ്ധ വാർഷിക പൊതുയോഗം ) പാസാക്കിയ വരവ് ചിലവ് കണക്കുകൾ അംഗീകരിക്കും.കുടുംബയോഗം ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതികൾ ചർച്ചചെയ്ത് അംഗീകരിക്കുക എന്നിവ പൊതുയോഗത്തിന്റെ ചുമതലയാണ് .അടുത്തവർഷം പൊതുയോഗം നടത്തുന്ന വീടും സ്ഥലവും പൊതുയോഗത്തിൽ വെച്ച് തീരുമാനിക്കേണ്ടതാണ് .
നിബന്ധന 3 -ൽ പറയുന്ന എല്ലാ സ്ത്രീ പുരുഷന്മാരും അവരുടെ പുരുഷസന്തതികളും ഇഫക്ടീവ് മെമ്പർമാരുടെ അർദ്ധവാർഷിക പൊതുയോഗത്തിൽ അംഗമായിരിക്കും.എല്ലാവർഷവും ആഗസ്റ്റ് 30 -)൦ തീയ്യതിക്കുള്ളിൽ ഇഫക്ടീവ് മെമ്പർമാരുടെ അർദ്ധവാർഷിക പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണ്.
a)കുടുംബയോഗത്തിന്റെ നയപരമായ തീരുമാനങ്ങൾ എടുക്കുക
b)കുടുംബയോഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുക
c)തലമുറാക്രമത്തിൽ പ്രായത്തിൽ ഏറ്റവും മുതിർന്ന കുടുംബാംഗത്തെ പ്രസിഡന്റായി (മരണം വരെ ) തീരുമാനിക്കുക
d)വരവ് ചിലവ് കണക്കുകൾ പാസ്സാകുക
e)ഓഡിറ്റർമാരെ തിരഞ്ഞെടുക്കുക
കുടുംബാംഗങ്ങളുടെയും, കുടുംബങ്ങളിൽ നിന്ന് വേറിട്ട്പോയവരുടെയും പേര്, മേൽവിലാസം, തൊഴിൽ, വയസ്സ് എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ഒരു രജിസ്റ്റർ തയ്യാറാക്കി സെക്രട്ടറിയുടെ ചുമതലയിലും, ഉത്തരവാദിത്വത്തിലും സൂക്ക്ഷിക്കേണ്ടതാണ്.
വിവാഹിതരായി മാറി താമസിക്കുന്നവർ ഒരു കുടുംബമായി കണക്കാക്കുന്നു .
നമ്മുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെടുന്ന വൈദികൻ അല്ലങ്കിൽ മുതിർന്ന കുടംബാഗം കുടുംബയോഗത്തിന്റെ രക്ഷാധികാരി ആയിരിക്കും
നമ്മുടെ കുടുംബാംഗങ്ങളിൽ മുതിർന്നതലമുറയിൽ ഏറ്റവും പ്രായം കൂടുതലുള്ള കുടുംബനാഥൻ കുടുംബയോഗത്തിന്റെ പ്രസിഡന്റായിരിക്കും (മരണം വരെ).ഇതിനു തെരഞെടുപ്പ് ആവശ്യമില്ലാത്തതാണ് .പ്രസിഡന്റ് ,കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും, ഇഫക്ടീവ് മെമ്പർമാരുടെ അർദ്ധവാർഷിക പൊതുയോഗത്തിന്റെയും വാർഷികപൊതുയോഗത്തിന്റെയും അദ്ധ്യക്ഷൻ ആയിരിക്കും. ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, കുടുംബയോഗത്തെ പ്രതിനിധീകരിച്ച് ക്ഷണിക്കപ്പെടുന്ന പരിപാടികളിൽ പങ്കെടുക്കുക എന്നിവ പ്രസിഡന്റിന്റെ ചുമതലയാണ്.
പ്രസിഡന്റിന്റെ ആസാന്നിദ്ധത്തിലും , ക്ഷീണത്തിലും അദ്ദേഹത്തിൽ നിക്ഷിപ്‌തമായിരിക്കുന്ന എല്ലാ ചുമതലകളും നിർവഹിക്കുക
കുടുംബയോഗം സംബന്ധിച്ചകാര്യങ്ങൾ നടത്തുന്നതിന് 17 (14 +3 ) അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിഉണ്ടായിരിക്കേണ്ടതാണ് .വകുപ്പ് 6 -ൽ പറയുന്ന ഇഫക്ടീവ് മെമ്പർമാരുടെ കൗൺസിൽ ഭൂരിപക്ഷതീരുമാനപ്രകാരം തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
എറണാകുളം ,തൃപ്പൂണിത്തുറ ,കാക്കനാട് 1 കൊണ്ടാഴി 3 ചീരക്കുഴി 1 എളനാട് 2 വട്ടായി 2 പുതുവേലി 2 മുളപ്പുറം,കട്ടപ്പന 2 പെരിങ്ങോട്ടുകുറിശി,പഴമ്പാലക്കോട്ട്,മണ്ണാർക്കാട് 1 മൊത്തം 14
ബാക്കി 3 പേരെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഭൂരിപക്ഷ തീരുമാനപ്രകാരം നോമിനേറ്റ് ചെയ്യാവുന്നതാണ് .ഇവരിൽ നിന്ന് വൈസ് പ്രസിഡന്റ്,സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികളെ തെരെഞ്ഞെടുക്കേണ്ടതാണ് .ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി 3 വർഷമായിരിക്കും.കമ്മിറ്റിയോഗത്തിൽ വൈസ് പ്രസിഡന്റ് അദ്ധ്യക്ഷനായിരിക്കും.യോഗതീരുമാനങ്ങൾ പാസ്സാക്കി നടപ്പിൽ വരുത്തുക, കുടുംബയോഗത്തിന്റെ പ്രവർത്തനങ്ങളിൽ സജീവനേതൃത്വം നൽകുക ,ഇഫക്ടീവ് മെമ്പർമാരുടെ കൗൺസിൽ (അർദ്ധവാർഷിക പൊതുയോഗം ), എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് വിളിച്ചു കൂട്ടുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുക എന്നിവ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചുമതലയാണ്.
ഓഫീസിന്റെ ചാർജ്ജ് വഹിക്കുന്നത് സെക്രട്ടറിയാണ്. കുടുംബയോഗം വക ലഡ്ജറുകൾ ,റെക്കോർഡുകൾ ,ബാങ്കിന്റെ പാസ്‌ബുക്കുകൾ ,കണക്കുകൾ എന്നിവ സൂക്ക്ഷിക്കേണ്ടത് സെക്രട്ടറിയാണ്.പൊതുയോഗം ,ഇഫക്ടീവ് മെമ്പർമാരുടെ കൗൺസിൽ ,എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങൾ എന്നിവ വിളിച്ചു കുട്ടേണ്ടതും ,പൊതുയോഗങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയ്ക്ക് ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതും സെക്രട്ടറിയുടെ ചുമതലയാണ് .
മേൽപ്പറഞ്ഞ സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങൾ നടത്തുന്നതിന് സെക്രട്ടറിയെ സഹായിക്കുക ,സെക്രട്ടറിയുടെ അഭാവത്തിൽ സെക്രട്ടറിയുടെ ജോലികൾ ചെയ്യുക എന്നിവ ജോയിന്റ് സെക്രട്ടറിയുടെ ചുമതലയാണ് .
കുടുംബയോഗത്തിന്റെ കണക്കുകൾ കാലാകാലങ്ങളിൽ ഓഡിറ്റു ചെയ്‌ത ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതി ചർച്ചചെയ്‌തു അർദ്ധ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കേണ്ടതാണ് . ഇതിനായി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലാത്ത രണ്ട് ഓഡിറ്റർമാരെ തെരഞ്ഞെടുക്കേണ്ടതാണ് .ഇഫക്ടീവ് മെംബർമാരുടെ കൗൺസിൽ ആണ് ഈ തെരഞ്ഞെടുപ്പു നടത്തേണ്ടത് . ഇവരുടെ കാലാവധി 3 വർഷമായിരിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ തുടർച്ചയായി 3 കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നാൽ അവരുടെ അംഗത്വം നഷ്ടപെടുന്നതായിരിക്കും. ഇവരുടെ ഒഴിവിലേക് കുടുംബനാഥന്മാരിൽ നിന്നും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നോമിനേറ്റ് ചെയ്യാവുന്നതാണ് .ഒരംഗം കുടുംബയോഗത്തിന്റെ ഉത്തമതാല്പര്യത്തിന് എതിരായി ബോധപുർവ്വം പ്രവർത്തിക്കുന്നതായി ഭരണസമിതിക്ക് ബോധ്യപ്പെട്ടാൽ ഭരണസമിതിയുടെ ശുപാർശപ്രകാരം ഈ അംഗത്തിന്റെ അംഗത്വം അടുത്ത പൊതുയോഗംവരെ റദ്ദുചെയ്യുവാൻ വൈസ്പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.
a)പൊതുയോഗനടത്തിപ്പിന് ആവശ്യമായ ഫണ്ടുകൾ ഇഫക്ടീവ് മെംബർമാരിൽ നിന്നും ഇഫക്ടീവ് മെംബർമാരുടെ പൊതുയോഗം നിശ്ചയിക്കുന്ന രീതിയിൽ സമാഹരിക്കാവുന്നതാണ്
b)കുടുംബാംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുസ്വരൂപിക്കുന്നതിന് ആവശ്യമായ പദ്ധതികൾ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നടപ്പാക്കാവുന്നതാണ്.
കുടുംബയോഗം സംബന്ധിച്ച ഫണ്ടുകൾ വൈസ്പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും കൂട്ടുത്തരവാദിത്വത്തിൽ ബാങ്കിൽ നിക്ഷേപിക്കേണ്ടതാണ് .
18 ) കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആവശ്യമായ ഉപനിബന്ധനകൾ തയ്യാറാക്കി നടത്തുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും .ഈ ഉപനിബന്ധനകൾക്ക് ഇഫക്ടീവ് മെംബർമാരുടെ അർദ്ധവാർഷിക പൊതുയോഗത്തിന്റെ അംഗീകാരം വാങ്ങേണ്ടാതാണ് .
19 ) കുടുംബയോഗത്തിന്റെ ലെറ്റർഹെഡും സീലും എംബ്ലവും കുട്ടിലാക്കാട്ട് ഇടിഞ്ഞുകുഴിയിൽ കുടുംബക്കാർക്കല്ലാതെ മറ്റാർക്കും ഉപയോഗിക്കാനോ ദുർവിനിയോഗം ചെയ്യുവാനോ പാടില്ലാത്തതാകുന്നു
20 ) കുടുംബയോഗം ആവിഷ്കരിച്ചു നടപ്പാക്കുന്ന മറ്റ് പദ്ധതികളുടെ കമ്മിറ്റിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വൈസ്പ്രസിഡന്റ്,സെക്രട്ടറി,ജോയിന്റ് സെക്രട്ടറി എന്നിവർ അംഗങ്ങൾ ആയിരിക്കേണ്ടതാണ്
21 ) കുടുംബയോഗം സംബന്ധിച്ച മറ്റെല്ലാക്കാര്യങ്ങളുടെയും പരമാധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിക്കായിരിക്കും .
കാലാവധി പൂർത്തിയാക്കിയ ഭരണസമിതി അർദ്ധവാർഷികപൊതുയോഗം വിളിച്ച് ഓഡിറ്റ് ചെയ്ത കണക്കുകൾ വായിച്ച് കഴിഞ്ഞ 3 വർഷത്തെ ഭരണത്തെക്കുറിച്ച് വിലയിരുത്തി ചർച്ചചെയ്‌തശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കേണ്ടതാണ് . ഈ ഭരണസമിതിക്ക് അടുത്ത വാർഷിക പൊതുയോഗത്തിൽ വെച്ച് ഭരണം കൈമാറേണ്ടതുമാണ്